ഭാഗം-6

ജീവിത സാഹചര്യങ്ങൾ കാരണം ഏറെ സ്നേഹിച്ചിരുന്ന  വിദ്യാർത്ഥി രാഷ്ട്രിയത്തോട് താൽക്കാലികമായെങ്കിലും വിടചൊല്ലി മണലാരുണ്യത്തിൽ സ്വപ്നം, വിതക്കാൻ, വിമാനം കയറിയിടത്തവസാനിപ്പിച്ച മനുഷ്യൻ ജാതകയോഗം കൊണ്ടോ,  സ്വപ്രയത്നം കൊണ്ടോ ജീവിതക്കൊടുമുടികൾ കീഴടക്കിയെന്ന അന്വേഷണം രാധാകൃഷ്ണൻ നായരുടെ കുവൈറ്റീജീവിതത്തോനിടയിൽ കേട്ട  ഒരു തമാശയിൽ  നിന്ന് തുടങ്ങാം.

കുവൈറ്റി സമൂഹത്തിനിടയിൽ ഇന്നും പ്രസക്തിയുള്ള ഒരു തമാശ. ലണ്ടൻ വിമാനത്താവളത്തിൽ നിന്ന്, മുന്ന് യാത്രക്കാർ അമേരിക്കയിലേക്ക് പ്ലെയിനിൽ യാത്ര തിരിച്ചു. അടുത്തടുത്ത സീറ്റിലിരുന്നാണു യാത്ര.  ഒന്നൊരു അമേരിക്കക്കാരൻ, രണ്ടാമൻ ഫ്രഞ്ചുകാരൻ, മൂന്നാമൻ കുവൈറ്റി. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായുളള യാത്രയിൽ അമേരിക്കക്കാരൻ ഒരു സിഗരറ്റു കത്തിച്ചു( അന്ന് പുകവലി അനുവദനീയമാണ്  ) രണ്ടു പുകയെടുത്ത ശേഷം ആ സിഗരറ്റ് ആഷ്‌ട്രേയിൽ തള്ളി. ഇത് കണ്ടുകൊണ്ടിരുന്ന കുവൈറ്റി ചോദിച്ചു എന്താണ് സിഗരറ്റ് വലിക്കാതെ കുത്തി കെടുത്തിക്കളഞ്ഞത്?

-ഞങ്ങളുടെ നാട്ടിൽ വിവിധ തരത്തിലുള്ള ധാരാളം സിഗരറ്റുകൾ സുലഭമാണ്.!!! ഇത് കേട്ട് അക്ഷമരായി കുവൈറ്റിയും, ഫ്രഞ്ചുകാരനും, നോക്കിയിരുന്നു.

ആഹാരത്തിനു മുൻപ് പ്ലൈനിൽ വൈൻ വിളമ്പി. ഫ്രഞ്ച്കാരൻ ഒന്ന് രുചിച്ചിട്ടു ഗ്ലാസ് മാറ്റി വച്ചു.                                                                   

 -എന്താ വൈൻ  കുടിക്കാത്തത്?    അമേരിക്കക്കാരൻ ചോദിച്ചു.                    

-ഞങ്ങുടെ നാട്ടിൽ എത്രയോ തരത്തിലുള്ള വിവിധ തരം വൈനുകളുണ്ട്..   ഇത് രണ്ടും കേട്ട കുവൈറ്റി കൂടുതൽ  അക്ഷമനായി..!!! അങ്ങനെയിരിക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ ടോയ്‌ലറ്റിൽ പോകാനായി നടന്നു വരുന്നത് കുവൈറ്റിയുടെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത് വന്ന ഇന്ത്യക്കാരനെ കുവൈറ്റി കഴുത്തിന് പിടിച്ചു താഴേക്ക് തള്ളിയിട്ടു. ഇത് കണ്ട അമേരിക്കനും, ഫ്രഞ്ച്കാരനും, എന്താ ഈ കാട്ടിയത് എന്ന് കുവൈറ്റിയോട് ചോദിച്ചപ്പോൾ."ഞങ്ങളുടെ നാട്ടിൽ ധാരാളം തരത്തിലുള്ള ഇൻഡ്യാക്കാരുണ്ട്" എന്നായിരുന്നു മറുപടി..

ഇതൊരു തമാശയാണെങ്കിലും വെറുമൊരു തമാശയാണോ? ഇതിൽ കാര്യമായ ഒരു പ്രസക്തിയില്ലേ? ഞാൻ  ചോദിച്ചു. രാധാകൃഷ്ണൻ നായർ സത്യം പറഞ്ഞു.

 

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, തുടങ്ങിയ മൂന്നാംകിട രാജ്യങ്ങളിൽ നിന്ന് വരുന്നവരാണ് മുഴുവൻ ഗാർഹിക തൊഴിലാളികളും(Domestic Servants). ഇവരെയെല്ലാം വേറൊരു മനക്കണ്ണോടെയാണ് പൊതുവെ അറബികൾ നോക്കിക്കാണുന്നത്. ഒരു ഇന്ത്യക്കാരൻ വിലകൂടിയ വണ്ടി റോഡിലൂടെ ഓടിച്ചു പോയാൽ അവൻ ഏതോ കുവൈറ്റി വീട്ടിലെ ഡ്രൈവറാണെന്നു ചിന്തിക്കാനേ കുവൈറ്റികൾക്കു മനസ്സുവരു.

പാശ്ചാത്യ രാജ്യങ്ങളിലും ഇതൊക്കെ തന്നെ അനുഭവം. പക്ഷേ അവർ അത് പുറത്തു കാണിക്കില്ല. നിയമം അതനുവദിക്കില്ല എന്നത് തന്നെ പ്രധാന കാരണം.എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ അറബികൾ വേണ്ടതിലധികം മതിപ്പും ബഹുമാനവും സുരക്ഷതയും സാമ്പത്തിക ഭദ്രതയും നൽകി സ്വീകരിച്ചു കൊണ്ട് നടക്കും. "സായിപ്പിനെക്കണ്ടാൽ കബാത് മറക്കും". ഉദാഹരണത്തിന് പരിശുദ്ധ റംസാൻ മാസത്തിൽ പകൽ സമയങ്ങളിൽ ആഹാരമോ പുകവലിയെ ഒക്കെ നിഷിദ്ധമാണ്. എന്നാൽ ഒരു സായിപ്പു സിഗരറ്റു വലിച്ചുകൊണ്ട് നടന്നാൽ ഒരു പോലീസും ചോദ്യം ചെയ്യാൻ മുന്നോട്ടു വരില്ല.  ആ സ്ഥാനത്തു ഒരു ഇന്ത്യക്കാരനാണ് എന്ന് ഇരിക്കട്ടെ. അവനെ പോലീസ്  റംസാൻ കഴിയുന്നതു വരെ ലോക്കപ്പിൽ പിടിച്ചിടും. പിന്നെ കോടതിയിൽ ഹാജരാക്കും.അവൻ്റെ  ഭാവി ചിലപ്പോൾ അവിടെ തീരും.

രാധാകൃഷ്ണൻ കുവൈറ്റിലെത്തുന്ന കാലത്തു കഷ്ടിച്ച് കുവൈറ്റിൽ 40000 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. കുവൈറ്റ് - ഇറാക്ക് യുദ്ധകാലത്തു അത് ഒരു ലക്ഷത്തിഎൺപത്താറായിരം ആയി ഉയർന്നു എന്നതാണ് സത്യം. ഇന്നത് പത്തു ലക്ഷത്തിനു മുകളിൽ. .ഇപ്പോൾ ഏതാണ്ട് ഒന്നരക്കോടി ജനങ്ങൾ ഗൾഫു രാജ്യങ്ങളിൽ പലതരത്തിൽ, പല വേഷത്തിൽ, ജീവിച്ചു പോരുന്നു.  കുടുതലും മലയാളികൾ.

ഗൾഫ് രാജ്യങ്ങളുടെ സുവർണ്ണ കാലഘട്ടമായ എഴുപതുകളുടെ ആദ്യപാതത്തിലാണ് രാധാകൃഷ്ണൻ കുവൈറ്റിലെത്തിയത് എന്ന് വേണമെങ്കിൽപ്പറയാം. അതിൻ്റെ  ആധികാരികതലേക്ക്  തിരിഞ്ഞു നോക്കുന്നത്  ചരിത്രപരമായ ഒരപഗ്രഥനം കൂടിയാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തു തന്നെ മലയാളികൾ വിദേശത്തേക്ക് ചേക്കേറിയിരുന്നു എന്നതാണ് സത്യം. രാധാകൃഷ്ണൻ നായരുടെ ഓർമ്മയിൽ വരുന്നത്, പാലക്കാടൻ മലയാളികൾ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കൃഷിപ്പണിക്കായി പോകുന്നത് ചെറുപ്പത്തിൽ അച്ഛൻപറഞ്ഞു  കേട്ടതാണ് അതിന് മുൻപ് രണ്ടാം ലോകമഹായുദ്ധക്കാലത്തും ധാരാളം ഇന്ത്യക്കാർ മിലട്ടറിയിൽ ചേർന്ന് ലോകത്തിൻ്റെ  പല ഭാഗങ്ങളിലും, ബ്രിട്ടീഷ്കാർക്ക് വേണ്ടി, യുദ്ധം ചെയ്യാൻ പോയിട്ടുള്ളതായി ചെറുപ്പത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. സംഗതി എന്തായാലും, എഴുപതുകളിൽ ഗൾഫിലേക്കുണ്ടായ ഒരു ഒഴുക്ക് അതിനു മുമ്പുണ്ടായിരുന്നതായി രാധാകൃഷ്ണൻ്റെ  ഓർമ്മയിലില്ല. പറഞ്ഞു കേട്ട അറിവുമില്ല.

ആറു ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങൾ, ഇസ്ലാം മതത്തിൻ്റെ  ഉൽപ്പത്തിസ്ഥാനമായ സൗദി അറേബ്യ. കുവൈറ്റ്,ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, എല്ലാം  മലയാളികളുടെ പാറുദിസ! കേരളം എന്ന ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്ത്  ചില നാട്ടുമ്പുറങ്ങളിലും ചില പട്ടണ പ്രദേശങ്ങളിലും മാത്രം നടന്നിട്ടുള്ള രാധാകൃഷ്ണൻ നൂറ്റി പതിന്നാല് (114) രാജ്യങ്ങളിൽ നിന്നുള്ള വവിധ ആൾക്കാർ അഹോരാത്രം പണിയെടുക്കുന്ന ഒരു ഇസ്ലാമിക രാജ്യത്തു ചെന്നിറങ്ങിയപ്പോൾ  അദ്ദേഹത്തിന് എല്ലാം പുതുമ നിറഞ്ഞതായിരുന്നു. ദൃശ്യ ശ്രവ്യ വായന മാധ്യമങ്ങളുടെ ഇന്നത്തെയും അന്നത്തെയും അകലം അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ. ഒരു മൊബൈൽ ഫോണെടുത്തു വിളിച്ചാൽ, ലോകത്തിൻ്റെ  ഏതു കോണിലും ഇരിക്കുന്ന ആളിനോട് മുഖത്തോട് മുഖം കണ്ട് സംസാരിക്കാൻ കഴിയുന്ന ഇക്കാലത്ത്.

ഒരെഴുത്തെഴുതി പോസ്റ്റ് ചെയ്താൽ, രണ്ട്  മാസത്തിലേറെ സമയം കൊണ്ടെത്തിച്ചേരുന്ന ആ കാലഘട്ടം അനുഭവിച്ചവർക്കല്ലേ അറിയൂ.! അറബിഭാഷ സംസാരിക്കുന്ന അറബ് രാജ്യങ്ങൾ എല്ലാം, ഏക ദൈവത്തിലും, ഏക ഭാഷയിലും വിശ്വസിക്കുന്നവരാണെന്നാണ് അന്ന് നമ്മൾ  ധരിച്ചു വച്ചിരിന്നത്. എന്നാൽ ഇതിൽ വ്യത്യസ്തതയുണ്ടന്ന് രാധാകൃഷ്ണൻ പറയുന്നു..ഈജിപ്റ്റിലും, ടുണിഷ്യയിലും, മോറോക്കോയിലും, ലെബനോനിലും, സിറിയയിലും, ജോർദ്ദാനിലും, പലസ്തിനിലും, എന്തിന് ആറു ഗൾഫ് രാജ്യങ്ങളിൽ പോലും,. ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയാത്ത രീതിയിലുള്ള വ്യത്യാസം സംസാരഭാഷയിൽ ഉണ്ടന്ന് അവിടെയൊക്കെ യാത്ര ചെയ്തിട്ടുള്ള രാധാകൃഷ്ണൻ പറയുന്നു.  ഏക ദൈവമെന്ന രീതി ഒരു വാദത്തിനുവേണ്ടി അംഗീകരിക്കാമെങ്കിലും, വിശ്വാസപ്രമാണങ്കിൽ വളരെ വളരെ വ്യത്യസ്തതയുണ്ടെന്നും അനുഭവസാക്ഷ്യം.

തിക്തമായ തുടക്കം,ഏതൊരു വിദേശിക്കും മണലാരണ്യങ്ങളിൽ പറയാനുണ്ടാകും.. ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചിൽ.  ഇനി ഏതെങ്കിലും ജോലി കിട്ടിയാൽ തന്നെ, തരംതാണ ജോലിയും, തുച്ഛമായ ശമ്പളവും. ഏതു ജോലിയും മഹത്വമുള്ളതാണെന്നു ആർക്കും ഉപദേശിക്കാമെങ്കിലും, അവനവൻ്റെ  കാര്യം വരുമ്പോൾ അതെല്ലാം പെട്ടിയിൽ വച്ച് പൂട്ടുന്നതല്ലേ നമ്മുടെയൊക്കെ മനോധർമ്മം. ആദ്യത്തെ നാലഞ്ച് മാസങ്ങൾ, ഒരു ജോലിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ ഒരു ഫലവും കണ്ടെത്തിയില്ല. അമ്പത്തഞ്ചു ഡിഗ്രി ചൂടിൽ, കുവൈറ്റിലെ ജഹ്‌റ സ്ട്രീറ്റ് മുഴുവൻ കയറി ഇറങ്ങിയത് മായാത്ത ഓർമ്മകളാണ്. അഞ്ചു പേർ ചേർന്ന് ഒറ്റ മുറിയിലുറങ്ങുകയും, പിന്നീട് അത് എട്ടു പേർക്കു വീതം വയ്ക്കേണ്ടി വന്നതും അനുഭവങ്ങളാണ്. കിട്ടുന്ന തരം താണ ഭക്ഷണങ്ങൾ  കഴിച്ചു ജീവിക്കേണ്ടി വരുന്ന അവസ്ഥയും ഒക്കെ, ഗൾഫ് രാജ്യങ്ങളിൽ ഇന്നും സർവ സാധാരണം. പൊടുന്നനെ ഒരു പ്രൈവറ്റ് ഷിപ്പ് ചാന്ടലിംഗ് കമ്പിനിയിൽ, (Ship chandling), നാൽപ്പത്തിയഞ്ച് കുവൈറ്റി ദിനാർ(45 Kuwaiti Dinar) ശമ്പളത്തിൽ തുടങ്ങിയ ജോലി, അത്ര സുഗമമായിരുന്നില്ലങ്കിലും അവിടെ നിന്ന് കിട്ടിയ ഒരു അന്തർദേശീയ പ്രായോഗിക പരിജ്ഞാനം, ചെറുതൊന്നുമായിരുന്നില്ല. പുസ്തകങ്ങളിൽ നിന്നും കോളേജുകളിൽ നിന്നുമൊക്കെ  കിട്ടുന്ന അറിവിനപ്പുറം അനുഭവിച്ചറിയുന്ന ഒരു മാനസിക തലം അതൊന്നു വേറെ തന്നെയാണ്. ആ കമ്പനിയുടെ ജനറൽ മാനേജരായിരുന്ന ജസ്റ്റിൻ. ജെ. എബിൾ. എന്ന ഒരു ആംഗ്ലോ ഇന്ത്യൻ വംശജൻ രാധാകൃഷ്ണൻ നായരുടെ ഓർമ്മയിൽ ഇന്നും മായാതെ, മറക്കാതെ, ബഹുമാനത്തോടെയുണ്ട്. ഒപ്പം അന്ന് വിസിറ്റിങ്ങ് വിസ എടുത്തു കൊടുത്ത  അതെ കമ്പനിയുടെ കുവൈറ്റി ഉടമ   "അബ്ദുൽ റഹിം അൽ യാഗുർട്ട്‌".(Abdulrehim Al Yaghourt) അവരെയൊക്കെ മറന്നാൽ മനുഷ്യത്വം മരവിച്ചു പോകില്ലേ.? ഈ ചോദ്യമാണ് രാധാകൃഷ്ണൻ നായരെന്ന വലിയമനുഷ്യൻ നമുക്കു നല്കുന്ന പാഠം.

മുപ്പത്തൊൻപത്  കുവൈറ്റി ദിനാർ, ഒരു ദിനാർ കമ്മീഷനും  ചേർത്ത് 40 കുവൈറ്റി ദിനാർ കൊടുത്തു, ബാങ്കിൽ നിന്ന് ആയിരം രൂപയുടെ ഒരു ബാങ്ക് ഡ്രാഫ്റ്റ് ആദ്യമായി അച്ഛൻ്റെ  പേരിൽ എടുത്ത് അയച്ചതിൻ്റെ   ഒരു കോപ്പി ഇന്നും ഒരോർമ്മച്ചിത്രം പോലെ രാധാകൃഷ്ണൻ നായർ സൂക്ഷിച്ചു കൊണ്ടുനടക്കുന്നു. തുടക്കത്തിൽ കിട്ടിയ ശമ്പളം 45 കുവൈറ്റി ദിനാർ.ഏതാണ്ട് 1200 രൂപാ.കേരളത്തിൽ അന്നൊരു കോളേജ് അധ്യാപകൻ്റെ  ശമ്പളം 437 രൂപയാണ്. ഇന്ന് ആയിരം രൂപയുടെ ഒരു ഡ്രാഫ്റ്റിന് വെറും 4 കുവൈറ്റി ദിനാർ. ഇന്ത്യൻ രൂപയുടെ ഒരു വളർച്ചയെ.!!! അക്കാലത്തു ഇന്നത്തെപ്പോലെ കൂണ് കിളിച്ചു വരുന്നമാതിരി മണി എക്സ് ചേഞ്ച് കമ്പനികൾ തീരെ ഉണ്ടായിരുന്നില്ല.. ആദ്യമായി ഒരു മണി എക്സ് ചേഞ്ച് വന്നത് എൺപതുകളുടെ മദ്ധ്യത്തിൽ വന്ന"അൽ മുസൈനി" എക്സ് ചേഞ്ച് കമ്പനി.(Al Muzzaini Exchange Company).

കൊമ്മേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ, (Commercial Bank of Kuwait) ഒരു കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവ് (Customer Service Representative)ആയി സർവിസിൽ കയറാൻ അവസരം വന്നപ്പോൾ, പതിനൊന്ന് മാസത്തെ പ്രതി സന്ധിയിൽ നിന്ന് ഒരു മാറ്റം ഉണ്ടായി. ബാങ്കിൽ ആ ജോലി കിട്ടാൻ സഹായിച്ച ഒരു ഗോവക്കാരൻ ഡ്രൈവർ ഡിസിൽവ, അവൻ്റെ  അമ്മ മാർഗ്രറ്റ് ഒരു കുവൈറ്റി വീട്ടിലെ ജോലിക്കാരിയായിരുന്നു. അവർ പറഞ്ഞതനുസരിച്ചു  ആ വീട്ടിലെ  ഗാസി അൽ സഗാവി എന്ന കുവൈറ്റി.(ഡിഫൻസിലെ ഒരു ബ്രിഗേഡിയറായിരുന്ന) അന്ന് അദ്ദേഹം  പരിചയപ്പെടുത്തി കൊടുത്ത കൊമേർഷ്യൽ ബാങ്കിൻ്റെ  ഷുവൈഖ് ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന പലസ്‌തീൻകാരൻ അബ്ദുൽഗനി. അദ്ദേഹത്തെ എപ്പോൾ വിളിച്ചാലും ടെലെഫോണെടുത്തു കണക്ഷൻ കൊടുത്ത സഹായിച്ചിരുന്ന അദ്ദേഹത്തിൻ്റെ  സഹായിയും, സൂപ്പർവൈസറുമായിരുന്ന  രാമചന്ദ്രൻ, പിൽക്കാലത്ത് അറ്റ്ലസ് രാമചന്ദ്രൻ ആയിത്തീർന്ന ആ വലിയ മനുഷ്യൻ.

എല്ലാവരെയും നന്ദിയോടെ ഓർമ്മിച്ചെടുക്കുകയാണ് രാധാകൃഷ്ണൻ ബാങ്കിൽ ജോലി കിട്ടിയപ്പോൾ മാസ ശമ്പളം 45ൽ നിന്ന് 110ലേക്കുയർന്നു. രണ്ടു വർഷത്തിലൊരിക്കൽ കുടുംബസമേതം നാട്ടിൽ പോയി വരാനുള്ള പ്ലെയിൻ ടിക്കറ്റ്, 15-ശതമാനം ബോണസ്. ധാരാളം ട്രെയിനിങ്ങുകൾ കിട്ടാനുള്ള അവസരങ്ങൾ. സ്വന്തമായി മറ്റൊരു ബന്ധുവും ചേർന്നൊരു വാടക ഫ്ലാറ്റ്. ഭാര്യയുമായി ചേർന്നുള്ള കുടുംബ ജീവിതം..ഇതെല്ലാം രാധാകൃഷ്ണൻ്റെ ഓർമ്മയിലിന്നുമുണ്ട്. അത് ഒരു വലിയ തുടക്കത്തിൻ്റെ  ആരംഭം ആയിരുന്നുവെന്ന് രാധാകൃഷ്ണൻ അന്ന് കരുതിയിരുന്നില്ല.

 

 

(തുടരും…)