ഭാഗം-7

രാധാകൃഷ്ണൻ നായരുടെ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിലെ(Commercial Bank of kuwait) ഔദ്യോഗിക ജീവിതത്തിൻ്റെ  തുടക്കം തന്നെ അപ്രതീക്ഷിതമായിരുന്നു.  ആദ്യത്തെ മുന്ന് വർഷം കൊണ്ട് അഞ്ച് ലവലുകൾ താണ്ടി ഉയരത്തിലേക്കെത്തുവാനുളള അവസരങ്ങൾ തെളിഞ്ഞു. കസ്റ്റമർ സർവീസ് റെപ്രസെന്റിറ്റിവിൽ നിന്ന്, (Customer Service Representative) കൊമേർഷ്യൽ(Commercial Service Representative) സെർവീസിലേക്കും, അവിടെ നിന്ന് ജനറൽ സർവീസ് സൂപ്പർവൈസർ ആയും, (General Service Supervisor) തുടർന്ന് റീറ്റെയ്ൽ ബാങ്കിങ് ഓഫീസർ ആയും,(Retail Banking Officer) താമസിയാതെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ആയും(Assistant Branch Manager) പടികൾ ഓരോന്നോരോന്നായിചവുട്ടി കയറുകയായിരുന്നു.

ഇവിടെ  ശ്രീ രാധാകൃഷ്ണൻ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യം  ഇന്നത്തെ തലമുറയ്ക്ക്  അകലെയായതു പോലെ.മനുഷ്യ ജീവിതത്തിൽ നാമെല്ലാം ഓരോരോ ഉയരങ്ങൾ താണ്ടാനാണല്ലോ എപ്പോഴും ശ്രമിക്കുന്നത്. ഓരോ ചവുട്ടിപടി കയറുമ്പോഴും ഒന്നോർക്കണം ആ പടികൾ അവിടെത്തന്നെ ഉണ്ടാകും.   ജീർണ്ണതയുണ്ടായേക്കാം,  എന്നാലും അത് അവിടെത്തന്നെയുണ്ടാകും  അത് മറന്നാൽ ആ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഒരു പൂർണ്ണത ഉണ്ടാവില്ല.

ആരെ മറക്കും  ആരെ ഓർമ്മിക്കും എന്നതിനുപരി ആരെ ആദ്യം ഓർമ്മിച്ചെടുക്കും എന്നതാണ് പ്രധാനം. അന്നൊരു ഇന്റർവ്യൂ നന്നായി നടത്തി ബാങ്കിലേക്ക് നിയമനം കൊടുത്ത ബ്രിട്ടീഷ് കാരനായ സി.എ. സെഡൻ (C.A.Sedon) എന്ന സായിപ്പിനെയോ ?

ബാങ്കിൻ്റെ  ബാലപാഠങ്ങൾ പഠിപ്പിച്ച യുസഫ് മുഹമ്മദ് ഹൽബൂണി (Yousef Halbouni) എന്ന പലസ്തിനിയൻ  ബ്രാഞ്ച് മാനേജരെയോ?

ഡബിൾ എൻട്രി ബുക്ക് കീപ്പിങ് (Double entry book keeping)എന്താണന്നു പഠിപ്പിച്ചു കൊടുത്ത അന്നത്തെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ജോർദാൻ കാരനായ അബ്ദുൽ ഫതഹ് അബ്ബാസിനെയോ? (Abdul Fatah Abbas)

അന്നത്തെ വലിപ്പമുള്ള പഴയ എൻ. സി. ആർ. കംപ്യൂട്ടറിൽ (N C R computer) വിരലുകൾ ചലിപ്പിക്കാൻ സഹായിച്ച ലെബനൻകാരി ലൈല അൽ സയ്യദിനെയോ? (Laila Al Sayed)

ബാങ്കിൽ വരുന്ന നിക്ഷേപകരോട് എങ്ങനെ അറബിയിൽ സംസാരിക്കണമെന്നൊക്കെ പഠിപ്പിച്ചു കൊടുത്ത കുവൈറ്റി സഹപ്രവർത്തക അമീന അൽ അർബാഷിനോടോ ?(Amina Al Arbash)

സ്വന്തമായി വണ്ടിയൊന്നുമില്ലാതിരുന്ന കാലത്തു ദിവസം രണ്ടു നേരവും ബാങ്കിൽ കൊണ്ടു പോകുകയും, കൊണ്ട് വരികയും, ചെയ്യാൻ ഒരു മടിയും കാണിച്ചിട്ടില്ലാത്ത കുവൈറ്റിലെ ഒരു വലിയ കുടുംബത്തിൽ നിന്ന് വന്നിരുന്ന "നവാൾ അബ്ദുൽ അസീസ് അൽ ഖത്താമി" (Nawal Al Qatami)എന്ന സഹ പ്രവർത്തകയെ മറക്കാനോ?

അതോ ഡിമാൻഡ് ഡ്രാഫ്റ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചുകൊടുത്ത ബ്രാഞ്ച് സെക്രട്ടറി ഗോവക്കാരി അയ്ഡ ബോർജസ്സ്‌ എന്ന പെൺകുട്ടിയോ?(Aida Borges)

അതോ ക്യാഷ് ബാലൻസ് ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിച്ച സുലൈമാൻ അൽ മൈദാൻ (Saiman Al Maidan)എന്ന കുവൈറ്റി യുവാവിനെയോ?

ലോൺ എങ്ങനെ പ്രോസസ്സ് ചെയ്യണമെന്ന് പഠിപ്പിച്ച അബ്ദുല്ലാഹ് അൽ ഹൈദർ(Abdullah Al Haidar) എന്ന കുവൈറ്റി യുവാവിനെയോ?

അതോ ചെക്കുകൾ എങ്ങനെ ക്ലീയറൻസ് നടത്തുമെന്ന് പഠിപ്പിച്ച സുമയ്യ താജ (Sumayya Taja)എന്ന സിറിയൻ പെണ്കുട്ടിയെയോ?

അതോ ബ്രാഞ്ച് മെയിൽ ഷെഡിയുൾ എങ്ങനെ എഴുതണമെന്നു പഠിപ്പിച്ച പീയൂൺ യമനി വംശജനായ അഹമ്മദിനെയോ?(Ahamad)

തന്നെ തനാക്കാൻ എല്ലാവിധ സഹായവും ച്രയ്തുകൊടുത്ത അമേരിക്കൻ വംശജനായ റോബർട്ട് ജെയിംസ് ലൈറ്റിലിനെയോ?  (Robert Lytle)

അതോ പ്രൊഡക്ഷൻ മാനേജ്‌മന്റ് എന്താണെന്ന് പറഞ്ഞു കൊടുത്ത മെക്സിക്കൻ വംശജനായ ടോം സാക്കോയെയോ?(Tom Sacco)

റീറ്റെയ്ൽ ട്രൈനിംഗ് കൊടുത്ത ഈജിപ്ഷൻ കാരനായ മുഹമ്മദ് ൽ മിഷാദിനെയോ?(Muhammad El Mishad)

ലെറ്റർ ഓഫ് ക്രെടിട്സ് എന്താണന്നു പഠിപ്പിച്ചു കൊടുത്ത കനേഡിയൻ വംശജനായ വിൽഫ്രഡ് ഡോമിംഗോയെയോ?(Wilfred Domingo)

ബാങ്ക് ഗ്യാരന്റി എന്താണെന്ന് പഠിപ്പിച്ചുകൊടുത്ത പാക്കിസ്ഥാൻകാരനായ അബ്ദുൽ റെസക്കിനെയോ? (Abdul Razzak)

സർവോപരി "അറബി ഭാഷ പറയാൻ പഠിക്കാനുള്ള" ആറുമാസത്തെ ഒരു ഫ്രീ കോഴ്സിന് അവസരം ഉണ്ടാക്കിക്കൊടുത്ത അന്നത്തെ കുവൈറ്റ് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഡോക്ടർ ഷുഐബ് അബ്ദുല്ല അൽ ഷുഐബിനെ(Dr.Shuaib Abdullah Al Shuaib) മറക്കാനോ?

എണ്ണിയാലൊടുങ്ങാത്ത കോണിപ്പടികൾ. ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ ഇവരെല്ലാം തന്നെ ശ്രീ രാധാകൃഷ്ണൻ്റെ  ഹൃദയത്തിൽ ഇന്നും അക്കമിട്ടു ജീവനോടെ കുടികൊള്ളുന്നു. കുവൈറ്റിൽ, ബാങ്കിങ്ങ് മേഖലയുടെ തുടക്കം നാല്പതുകളിലാണ്..(1941).

ആദ്യത്തെ ഒരു കൺവെൻഷനൽ ബാങ്ക്.."നാഷണൽ ബാങ്ക് ഓഫ്കുവൈറ്റ്". അമ്പതുകളുടെ തുടക്കത്തിൽ.(National Bank of Kuwait-1952). ആദ്യത്തെ ഇസ്ലാമിക് ബാങ്ക്."കുവൈറ്റ് ഫൈനാൻസ് ഹൗസ്" എഴുപതുകളിൽ .(Kuwait Finance House-1977).. 1966ലാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിലവിൽ വരുന്നത്.

ഇന്ന് ഇസ്ലാമിക ബാങ്കുകൾ ഉൾപ്പടെ ഏതാണ്ട് 11ലധികം ബാങ്കുകളും,50ലധികം മണി എക്സ്ചെയ്ഞ്ചുകളും കുവൈറ്റിലുണ്ട്.വിദേശ ബാങ്കുകൾ വേറെയും. കുവൈറ്റ് ബാങ്കിങ് മേഖലയുടെ വളർച്ചയിൽ തുടക്കം മുതൽ ഏതാണ്ട് എൺപതു വരെയുള്ള കാലഘട്ടം(1940's to 80's) ബ്രിട്ടീഷ് ബാങ്കുകളുടെ ആധിപത്യമായിരുന്നു ഉടനീളം കണ്ടു വന്നിരുന്നത്... എൺപതുകളുടെ തുടക്കമായപ്പോൾ, അമേരിക്കൻ ബാങ്കുകളുടെ വരവാകുകയും നേതൃത്വം അവരുടെ കയ്യിലേക്ക് വഴുതി വീഴുകയും ചെയ്തു..കുവൈറ്റിൽ ഉള്ള ഒട്ടു മിക്ക ബാങ്കുകളും ലോകത്തിലെ ആദ്യത്തെ നൂറു ബാങ്കുകളിൽ  വരുന്നവയാണ്.എണ്ണത്തിലല്ല. വണ്ണത്തിൽ.

രാധാകൃഷ്ണൻ നായർ കൊമേർഷ്യൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ ബാങ്ക് അന്ന് ലോകത്തിലെ 44മത്തെ റാങ്കിൽ വന്നിരുന്നു.

ഞാൻ ചോദിച്ചു.."ഈ പറഞ്ഞ കാര്യങ്ങൾ നമ്മുടെ വിഷയവുമായി എന്ത് ബന്ധമാണുള്ളത്"?..

രാധാകൃഷ്ണൻ്റെ  മറുപടി ഒരു വലിയ "ചുണ്ടു പലക"യായിരുന്നു.. നാട്ടിൽ നിന്ന് നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അതിൻ്റെ  പ്രയോഗിതയും തമ്മിൽ, യഥാർത്ഥ കർമ്മമേഖലയുമായി എന്ത് ബന്ധം..?

"ഏട്ടിലെ പശു പുല്ലു തിന്നുകയില്ല" എന്ന പഴമൊഴി  എത്ര സത്യം. അക്കാലത്ത് നാട്ടിൽ നിന്ന് നേടിയെടുക്കുന്ന ഒരു ബിരുദാനന്തരബിരുദം, അത്ര ചെറുതൊന്നുമല്ല എന്നായിരുന്നു സങ്കല്പം.  ഒരു ബാങ്കിൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ പദവി അത്ര മഹത്തരമല്ല എന്നത് മറ്റൊരു മഹാസത്യം. എന്നിരുന്നാലും ഏതാണ്ട് 18 വർഷങ്ങളിലെ തുടർച്ചയായ വിദ്യാഭ്യാസത്തിൻ്റെ  ആകെ തുകയാണ് ഒരു ബിരുദാനന്തിരബിരുദം. അതിനു നേടിത്തരാൻ കഴിയാതെ പോയ പലതും, മുന്ന് വർഷത്തെ നിരന്തരമായ പ്രായോഗിക പരിശ്രമത്തിൻ്റെ  ഫലം, താരതമ്യേന അത്ര നിസ്സാരമല്ല എന്ന് പറയേണ്ടി വരുന്നു.. അതിനൊക്കെ താങ്ങും തണലുമായി പലരുമുണ്ടാകാം..

രാധാകൃഷ്ണൻ പറഞ്ഞു വന്നത്, "തൊഴിലധിഷ്ഠിത വിദ്യാഭ്യാസം"  ഇന്ത്യ പോലെയുള്ള മൂന്നാംകിട രാജ്യങ്ങളിൽ ഇന്നും അന്യം നിന്നിരിക്കുന്നു എന്ന ഒരു വലിയ "ചൂണ്ടുപലക"...

ഇത്രയുമൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ, ഞാൻ രാധാകൃഷ്ണനോട് ചോദിച്ച ഒരു

ചോദ്യമിതായിരുന്നു..

എല്ലാവരെക്കുറിച്ചും നല്ലതു പറയുന്ന താങ്കൾക്ക് അക്കാലങ്ങളിൽ തിക്താനുഭവങ്ങൾ ഉണ്ടായിട്ടില്ലേ?

തിക്തമായ അനുഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്തതുണ്ടങ്കിലും, ഓർമ്മയിൽ മായാതെ നിൽക്കുന്ന അപൂർവ്വം ചിലതു പറയാം. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരിക്കുമ്പോൾ, അന്നത്തെ ബ്രാഞ്ച് മാനേജരായിരുന്ന സുഡാൻ കാരനായ ജോർജ് മഹ്‌റൂസിനെ സർവീസിൽ പറഞ്ഞുവിട്ടു..!!! മാനേജരായി മറ്റാരും എത്തിയില്ല..!!! പകരം ഏതാണ്ട് ഒരു വർഷത്തിലധികം  താൽക്കാലികമായി  രാധാകൃഷ്ണന് ആ പദവി, ബാങ്ക് മാനേജ്‌മെന്റ് കൊടുത്തിരുന്നു. ഒന്നോർത്തിട്ടു രാധാകൃഷ്ണൻ തുടർന്ന്.. ആരെയെങ്കിലും പറഞ്ഞു വിട്ടാൽ ചോദിക്കാനും പറയാനും ആരും വരില്ല..!!! സമരം ചെയ്യാനൊന്നും ചിന്തിക്കുകയും വേണ്ടാ.!!! ആരെങ്കിലും ഒരാൾ, ആറു മാസത്തിലധികം   താൽക്കാലിക പദവിയിലിരുന്നാൽ  ഓട്ടോമാറ്റിക്കായി ആ പദവി അവർക്കു കൊടുക്കുകയാണ് പതിവ്.. അതാണ് അക്കാലത്തെ നിയമം.

ഒരുകൊല്ലം കഴിഞ്ഞപ്പോൾ, അന്നത്തെ റീജിയണൽ മാനേജരായിരുന്ന ചാൾസ് സുഖിയാസ്സ് (Charles Siukias) എന്ന അർമേനിയൻ വംശജൻ, രാധാകൃഷ്ണനെ ബ്രാഞ്ച് മാനേജരായി കൊടുക്കണമെന്ന് ശക്തമായിത്തന്നെ എഴുതി വിട്ടെങ്കിലും, അതിനുമുകളിൽ ഇരുന്ന അദ്നാൻ ഹിജാസി(Adnan Hijazi) എന്ന  പലസ്തിൻകാരനായിരുന്ന ബ്രാഞ്ചസ്സ് മാനേജർ, അറബി ഭാഷ എഴുതാനും വായിക്കാനും അറിയില്ല എന്ന കാരണത്താൽ, രാധാകൃഷ്ണന് ആ പദവി കൊടുത്തില്ല..പകരം ലെബനൻകാരനായ ജോർജ് കൂരി (George Khuri)എന്ന പുതിയ മാനേജരെ അവിടേയ്ക്കു അയക്കുകയും ചെയ്തു..!!!

ഒരു കൊല്ലത്തിലേറെ മാനേജരുടെ കസേരയിൽ മുകളിലത്തെ നിലയിൽ ഇരുന്നു ആയിരക്കണക്കിന് സ്വദേശികൾക്കും, ഒപ്പം അനേകം വിദേശികൾക്കും, സേവനങ്ങൾ നടത്തിപ്പോരുന്ന രാധാകൃഷ്ണൻ..ഒരു സുപ്രഭാതത്തിൽ താഴത്തെ നിലയിലേക്ക് മടങ്ങി വരുക എന്നത് അപമാനിക്കപ്പെടുന്നതിന് തുല്യമായിരുന്നു...ആളുകളെ എങ്ങനെ അഭിമുഖീകരിക്കും.!!! ആളുകൾ എന്ത് പറയും.!!!അതുമാത്രമോ...താഴത്തെ നിലയിലേക്കെത്തിയപ്പോൾ, അവിടെഅസിസ്റ്റൻറ് മാനേജരുടെ കസേരയിൽ അതാ ഒരു പുതിയ സ്ത്രീ എത്തിയിരിക്കുന്നു. ആ സ്ത്രീ..കുവൈറ്റി സമൂഹത്തിലെ ആദ്യത്തെ ഒരു ബിരുദധാരിണി. റഫിയാ അബ്ദുല്ലത്തീഫ് അൽ അസൂസി. (Rafea Al Assoussi)  . ഈ ബ്രാഞ്ചിൽ പുതിയ ബ്രാഞ്ച് മാനേജർ ട്രെയിനിയായി അവരെ ബാങ്ക് നിയമിച്ചു..

ട്രെയിനിയായി എത്തിയിരിക്കുന്നു. ന്യായമായും രാധാകൃഷ്ണൻ, റീറ്റെയ്ൽ ബാങ്കിങ്ങ് ഓഫീസറുടെ കസേരയിലേക്ക് മാറേണ്ടി വരുന്ന ഗതികേട്.. ആ കസേരയിലും ഒരു ദുർസി വംശജനായ മുനീർ (Munir Burges) ഇരിക്കുന്നു. ചുരുക്കം രാധാകൃഷ്ണനിരിക്കാൻ കസേരയില്ല.!!! "ജോർജ് കുരി" എന്ന ബ്രാഞ്ച് മാനേജർക്ക് എന്തോ ഇന്ത്യക്കാരോട് ഒരു വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം. അത് രാധാകൃഷ്ണനിലേക്കു പ്രകടിപ്പിക്കുകയായിരുന്നു.." രാധാകൃഷ്ണനോട് കൗണ്ടറിൽപ്പോയിരുന്നു ചീഫ് കാഷ്യറെ സഹായിക്കാൻ" പറഞ്ഞു.. ഇന്നലെവരെ, ഏതാണ്ട് ഒരു കൊല്ലം ഒരു ബ്രാഞ്ച് മാനേജരായിരുന്ന ഒരാളോട് കൗണ്ടറിൽ പ്പോയി ഒരു കാഷ്യറെ സഹായിക്കാൻ പറയുന്നത് കേൾക്കുമ്പോഴുണ്ടാകുന്ന അവസ്ഥ. അപമാനം,   രാധാകൃഷ്ണൻ ശരിക്കും ഒരു മാസത്തിലധികം എല്ലാ അപമാനങ്ങളും സഹിച്ചു കൗണ്ടറിലിരുന്നു താമസിയാതെ "റഫിയ അൽ അസുസി"(Rafea  Al  assoussi) എന്ന മാനേജർ ട്രെയിനി പുതുതായി തുറന്ന സാൽഹിയ ബ്രാഞ്ചിലേക്കു, മാനേജരായി സ്ഥലം മാറിപ്പോയി.ഇതെല്ലാം കണ്ടുകൊണ്ടിരുന്ന് ആസ്വദിക്കുന്ന  ഒരാളുണ്ടായിരുന്നു."ജോർജ് കുരി" എന്ന ബ്രാഞ്ച് മാനേജർ.!!!

കേൾക്കുമ്പോൾ ഇത് നിസ്സാരമെങ്കിലും, ആ സാഹചര്യത്തിൽ അത് അനുഭവിച്ചറിയുമ്പോൾ മാത്രമേ അതിൻ്റെ  ആധിയും വ്യാധിയും എത്ര വലുതെന്ന് മനസ്സിലാകൂ. ആ സമയത്തു് രാധാകൃഷ്ണൻ്റെ  മനസ്സൊന്ന് പിടഞ്ഞു..കാലം മനസ്സിനെ പുറകോട്ടു വലിച്ചു.പഠിക്കുന്ന കാലത്തേ സമരസന്നാഹങ്ങളും, വിപ്ലവവീര്യങ്ങളും, രാധാകൃഷ്ണൻ്റെ  മനസ്സിലൂടെ കടന്നുപോയി. എന്ത് പ്രയോജനം. ഓരോരോ വിദ്യാർത്ഥി സമരങ്ങൾ. ഭരിക്കുന്ന സർക്കാരിനെതിരെ സമരങ്ങൾ..ഇവിടെ ന്യുനപക്ഷവും ഭൂരിപക്ഷവും ജാതിയും മതവും ഒന്നും ശബ്ദിക്കാനൊക്കില്ലാ..

. രാജഭരണം.വെറുതെ ഒന്ന് പ്രതിഷേധിച്ചാൽ പിന്നെ സൂര്യപ്രകാശം കാണുമോ ആവോ? എല്ലാം സഹിക്കാൻ ഒരു മനസ്സുണ്ടാക്കാനേ അവിടെ മാർഗമുണ്ടായിരുന്നൊള്ളു. അനുഭവം സാക്ഷി.

അത് മാത്രമോ? ആ സമയത്തുണ്ടായ തിക്തമായ വേറൊരു അനുഭവം കുടി പറയാതെ പോയാൽ അതിൻ്റെ  മൂല്യം നഷ്ടപ്പെട്ടു പോകുമെന്ന് രാധാകൃഷ്ണൻ തുറന്നു പറഞ്ഞു.എന്താണത്?

ഞാൻ ആകാംഷയോട് ചോദിച്ചു.

വിവാഹത്തിന് ശേഷം കുറെ നാളുകൾക്ക് ശേഷമാണ് രാധാകൃഷ്ണന് ഒരു കുട്ടി ജനിച്ചത്. നമ്മുടെ നാട്ടുകാരുടെയും വീട്ടുകാരുടെയും ഒരു രീതി പിന്നെ പറയേണ്ടതില്ലല്ലോ. വിവാഹം കഴിക്കാൻ അല്ലങ്കിൽ കഴിപ്പിക്കാൻ താമസിച്ചാൽ.എന്തുകൊണ്ട്..!!! അഥവാ വിവാഹം കഴിച്ചാൽ എന്തെ? മക്കൾ ഉണ്ടായില്ല..!!! ഉണ്ടായാൽ എവിടെയാണ് പഠിക്കാൻ പോകുന്നത്.!!! ഇങ്ങനെ വല്ലവരുടെ ഒക്കെ കാര്യത്തിൽ വേവലാതിപ്പെടുന്ന ഒരേ ഒരു സമൂഹം ഇന്ത്യക്കാർ..!!!പ്രത്യേകിച്ച് മലയാളികൾ.!!! മറ്റൊരു രാജ്യത്തും ഈ ദുരവസ്ഥയില്ല.. രാധാകൃഷ്ണൻ തുറന്നടിക്കുന്നു. സത്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം "കുട്ടികൾ ഉടനെ വേണ്ട" എന്ന് അവർ രണ്ടുപേരും ചേർന്നുള്ള തീരുമാനമായിരുന്നു...സ്വന്തമായി ഒരു ഫ്ലാറ്റ് പോലുമില്ലാതെ കുട്ടികളെ വളർത്താൻ  കുവൈറ്റിൽ അക്കാലത്തു ബുദ്ധിമുട്ടാണെന്ന് അറിയാവുന്നവർക്ക് മാത്രമല്ലെ അതറിയാൻ കഴിയു. എന്നാൽ ഇവിടെ വിഷയമതല്ല. കുവൈറ്റിൽ വിദേശികളും സ്വദേശികളും പ്രസവസംബന്ധമായ കാര്യങ്ങൾക്കു സർക്കാർ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. കാരണം സ്വകാര്യ ആശുപത്രികൾ അക്കാലത്തു  കുവൈറ്റിൽ ഉണ്ടായിരുന്നില്ല. ആകെക്കൂടിയുണ്ടായിരുന്ന ഒരേ ഒരു പ്രൈവറ്റ് ക്ലിനിക് അൽ ഹാദി ക്ലിനിക്കായിരുന്നു..(Al Hadi Clinic)ആ സ്ഥാപനത്തിൻ്റെ യും, അവിടെയുണ്ടായിരുന്ന അന്നത്തെ ഫിനാൻസ് മാനേജർ, മുയൻ ജോർജ് ഷെരീഫയുടെയും,(Muen George Sherif)അക്കൗണ്ടുകൾ രാധാകൃഷ്ണൻ്റെ  അടുത്തായിരുന്നതിനാൽ, രാധാകൃഷ്ണൻ സ്വന്തം ഭാര്യ ഗർഭിണിയായപ്പോൾ ആ ക്ലിനിക്കിലാണ് ആദ്യം മുതലേ കാണിച്ചുകൊണ്ടിരുന്നത്. തന്നെയുമല്ല ആ ക്ലിനിക്കിൽ അന്ന് വളരെ പ്രശസ്തയായ ലക്ഷ്മി എന്നൊരു മലയാളീ ഗൈനക്കോളജിസ്റ്റും ഉണ്ടായിരുന്നു. ഏതായാലും അന്നൊരു രാത്രിയിൽ രാധാകൃഷ്ണൻ്റെ  ഭാര്യക്ക് പ്രസവവേദന തുടങ്ങി. സ്വന്തമായി വണ്ടിയൊന്നുമായിട്ടില്ല. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു പലസ്തീനി കുടുംബം രാത്രിയിൽ രാധാകൃഷ്ണൻ്റെ  വീട്ടിൽ ലൈറ്റും ശബ്ദവുമൊക്കെ കേട്ട് വാതിലിൽ മുട്ടി.കാര്യം മാനസ്സിലാക്കിയ അയൽവാസി, പെട്ടന്ന് രാധാകൃഷ്ണനെ ഭാര്യയേയും കുട്ടി അൽ ഹാദി ക്ലിനിക്കിൽ എത്തിച്ചു അഡ്മിറ്റ്‌ ചെയ്തു. അവിടെ ആ ക്ലിനിക്കിൽ  അന്ന് കൂടെ താമസിക്കാൻ ഒന്നും ചിന്തിക്കാൻ കുടി കഴിയുകയില്ല. അതിനൊക്കെ പരിമിതികൾ ഉണ്ടായിരുന്നു.രാജകുടുംബങ്ങൾക്കും, വലിയ വലിയ കുവൈറ്റി കുടുംബങ്ങൾക്കും മാത്രമേ അതിനൊക്കെകഴിയുമായിരുന്നുള്ളൂ. മൊബൈൽ ഫോണൊന്നുമുള്ള കാലമല്ല. എന്തിന് താമസിക്കുന്ന ഫ്ലാറ്റിൽ പോലും ഫോണില്ല. ഭാര്യയെ തനിച്ചാക്കിയിട്ട് വളരെ അസ്വസ്ഥനായ രാധാകൃഷ്ണൻ വീട്ടിലേക്കു മടങ്ങി. പിറ്റേ ദിവസം കാലത്തു എഴുന്നേറ്റ്‌ ക്ലിനിക്കിൽ പോകാമെന്ന് വിചാരിച്ചു. പക്ഷേ അതിഥികൾക്ക് കയറിക്കാണാനുള്ള സമയം കാലത്തു ഒൻപത് മുതൽ പന്ത്രണ്ട് വരെയാണ് തന്നെയുമല്ല ബാങ്കിൻ്റെ  മെയിൻ വാതലിൻ്റെയും, ബ്രാഞ്ച് സേഫിൻ്റെയും ഒരു സെറ്റ്  താക്കോൽക്കൂട്ടം രാധാകൃഷ്ണൻ്റെ  കയ്യിലാണുതാനും. മറ്റേ സെറ്റ് ചീഫ് കാഷ്യറുടെ കയ്യിലും. ഏതായാലും കാലത്തു വ്യഴാഴ്ച കാലത്തു പതിവുപോലെ ഏഴരമണിക്ക് ബാങ്കിലെത്തി, തൻ്റെ  കയ്യിലുള്ള താക്കോൽ കുട്ടം ബ്രാഞ്ച് മാനേജരായിരുന്ന ജോർജ് കൂരിയെ ഏൽപ്പിച്ച്  ക്ലിനിക്കിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ ബ്രാഞ്ചിലെത്തിയപ്പോൾ.. മാനേജർ വിസമ്മതിച്ചു.."ഇന്ന് തീയതി പത്ത്, പെൻഷൻകാരുടെ ശമ്പളം വരുന്ന ദിവസമാണ്. പോകാൻ പറ്റില്ല. ഞാനിവിടെ പുതിയതാണ്. ആരെയും പരിചയമില്ല. ബാങ്ക് അടച്ചിട്ട് ക്യാഷ് ബാലൻസ് ചെയ്തിട്ട് പൊയ്ക്കോളൂ. ആ താക്കോൽ കൂട്ടം അയാളുടെ മുഖത്തെറിഞ്ഞു രണ്ട് പൊട്ടീരും കൊടുത്തു പോകാനാണ് മനസ്സിൽ തോന്നിയതെങ്കിലും ഒന്ന് തിരിഞ്ഞു  ചിന്തിച്ചു. ഒന്നും പറയാതെ ജോലിയിൽ മുഴുകി. ഇത് പറയുമ്പോൾ രാധാകൃഷ്ണൻ്റെ  തൊണ്ടയിടറിയത് ഞാൻ ശ്രദ്ധിച്ചു..ഒൻപതരമാണിയായപ്പോൾ ക്ലിനിക്കിൽ നിന്ന് ടെലിഫോൺ ശബ്ദിച്ചു. രാധാകൃഷ്ണൻ ടെലെഫോണെടുത്തപ്പോൾ അങ്ങേ തലക്കൽ ഈജിപ്ഷൻ നേഴ്സ്.  താങ്കളുടെ ഭാര്യ പ്രസവിച്ചു. രണ്ടുപേരും സുഖമായിരിക്കുന്നു. നാളെ ഉച്ചയ്ക്ക് ഡിസ്ചാർജ് ചെയ്യും. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെ രാധാകൃഷ്ണൻ ജോലി തുടർന്നു.. വൈകിട്ട് ആറുമണിക്കാണ് രാധാകൃഷ്ണന് ബാങ്കിൽ നിന്നിറങ്ങാൻ കഴിഞ്ഞത്.

ഒരു പ്രകാരത്തിൽ രാധാകൃഷ്ണൻ ക്ലിനിക്കിലെത്തിയപ്പോൾ സന്ദർശക സമയം കഴിഞ്ഞിരുന്നു. മുകളിലത്തെ നിലയിലേക്ക്  കയറ്റി വിട്ടാൽ എൻ്റെ  ജോലി പോകും സാർ. സെക്യൂരിറ്റി സ്റ്റാഫ് അങ്ങനെ പറഞ്ഞപ്പോൾ രാധാകൃഷ്ണൻ റിസപ്ഷനിൽ പോയി ടെലഫോണെടുത്തു ഭാര്യയുമായി സംസാരിച്ചു.കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ, അവർ പറഞ്ഞു. "വിഷമിക്കണ്ട.നാളെ കാലത്ത്  ഇങ്ങുവന്നോളു. ഉച്ചയ്ക്ക് നമുക്ക് മോനേം കുട്ടി വീട്ടിൽ പോകാം.നാളെയും മറ്റന്നാളും അവധിയല്ലേ? മോൻ്റെ കൂടെ ഇരിക്കാമല്ലോ."

ഞാൻ ചോദിച്ചു ഇതൊക്കെ സാധാരണ സംഭവങ്ങൾ അല്ലേ? ഇതിൽ എന്ത് പ്രസക്തി?

രാധാകൃഷ്ണൻ തുടർന്നു, സാർ പറഞ്ഞത് വളരെ ശരിയാണ്..സ്വന്തം കുട്ടി ജനിച്ചു പത്തുവർഷമായിട്ടും കാണാൻ കഴിയാത്ത ധാരാളം പിതാക്കന്മാർ, അച്ഛൻമാർ, ബാപ്പമാർ, ഗൾഫ് നാടുകളിലുണ്ട്. അതൊക്കെ നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം.

പക്ഷെ ഞാൻ പറഞ്ഞു വന്ന വിഷയമതല്ല..

രാധാകൃഷ്ണൻ തുടർന്നു..

ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും, വർഷങ്ങൾ ദേശാബ്ദങ്ങൾക്കും, വഴിമാറി..കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.. മുന്ന് ദേശാബ്ദങ്ങൾക്കു ശേഷം, കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റ് പ്രസ്താവന  ഇറക്കി..  കുവൈറ്റിലെ ആറാം ഗവർണറേറ്റിലെ സീനിയർ റീജിയണൽ മാനേജരായി രാധാകൃഷ്ണൻ. ഔദ്യോഗികമായി തന്നെ സർക്കുലർ ഇറക്കി. ഒരു വിദേശിക്ക്, പ്രത്യേകിച്ച് ഒരു അറബ് ഇതര വംശജന്, അപ്രാപ്യമായ ഒരു പദവിയാണത്.അന്നും ഇന്നും ഇനിയെന്നും.

അന്നും മുകളിൽ പറഞ്ഞ "ജോർജ് കൂരി", അഞ്ചാം ഗവർണറേറ്റിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിരുന്നു. (കുവൈറ്റ് എന്ന രാജ്യം ആറു സ്റ്റേറ്റുകൾ ചേർന്നതാണ്. ഓരോ സ്‌റ്റേറ്റും രാജാവിൻ്റെ  പ്രതിനിധികളായ  ഗവര്ണർണമാർ   ഭരിക്കുന്നു. ബാങ്കുകളും ആറു റീജിയണുകൾ ആയി തിരിച്ചിരുന്നു. അതിൽ ആറാം ഗവര്ണറേറ്റ് തന്ത്രപ്രധാനമായ ഓയിൽ മേഖലയാണ് ) പലപ്പോഴും അഞ്ചാം ഗവർണറേറ്റിലെ റീജിയണൽ മാനേജർ അവധിക്കു പോകുമ്പോൾ, ഈപ്പറഞ്ഞ "ജോർജ് കുരി", രാധാകൃഷ്ണന് റിപ്പോർട്ട് ചെയ്യേണ്ടതായി വരുന്നു.!!! ഒരിക്കൽ ജോർജ് കുരിക്ക് സ്വന്തം സഹോദരി ഭർത്താവിൻ്റെ  അപ്രതീക്ഷിതമായ തിരോധാന സമയത്ത്  രാധാകൃഷ്ണനോട് അത്യാവശ്യ അവധി ചോദിക്കേണ്ടിവന്നു..!!! രാധാകൃഷ്ണൻ തടഞ്ഞില്ല. അവധി അനുവദിച്ചു കൊടുത്തു.

അപ്പോഴും കാലപുരുഷൻ,  ആ കാലകാലൻ്റെ  പിറകെ ഓടിക്കൊണ്ടിരുന്നു.ചിരിക്കുന്നു..

ഒരിക്കൽ മാതാ അമൃതാനന്ദമയീ  ദേവി  രാധാകൃഷ്ണനോട് ചെവിയിൽ മന്ത്രിച്ച ഒരു കാര്യം പറഞ്ഞുകൊണ്ട് ഇന്നത്തെ അദ്ധ്യായം അവസാനിപ്പിക്കാം. "മോനെ നമ്മൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാ ചെറിയ/വലിയ കാര്യങ്ങളും, ഈ പ്രകൃതിയിൽ കുറിച്ചിടും.  ആരും ഒന്നുമറിയില്ലെന്ന് വിചാരിച്ചാലും, ഈ പ്രകൃതി എല്ലാം കണ്ടും കേട്ടും അനുഭവിച്ചും കടന്ന് പോകുന്നു ..കാലചക്രം ഉരുളുമ്പോൾ എല്ലാം നമ്മൾ കാണും.അറിയും."

ഇത്തരം ചെറിയ ചെറിയ അനുഭവങ്ങൾ ശ്രീ രാധാകൃഷ്ണന് പകർന്നുകൊടുത്ത  കഴിവ് കുറച്ചൊന്നുമായിരുന്നില്ല. ഏതൊരു സാഹചര്യത്തിലും, അതിൻ്റെ  മുഖത്തു നോക്കി അതിനെ  നേരിടാനുള്ള ഒരാർജ്ജവം, അദ്ദേഹത്തിന്, നേടിക്കൊടുത്തു.

ഇത് വായിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് "രാധാകൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ" പലതും ഒരു പാഠം ആകുമെന്ന പ്രതീക്ഷയിൽ.

 

 

തുടരും(...)