ഭാഗം-8
ഇന്നത്തെ എപ്പിസോഡ് ഒരു തമാശയിൽ നിന്ന് തുടങ്ങാം.ഒരിക്കൽ കുവൈറ്റിലെ സാൽഹിയ കോംപ്ലക്സിൽ ഉള്ള ഒരു കസ്റ്റമർ, രാധാകൃഷ്ണന് ഒരു ജോഡി ഷൂസ് സമ്മാനമായി കൊടുത്തു. കസ്റ്റമറോട് എങ്ങനെയാ ഗിഫ്റ്റ് വാങ്ങുന്നത്.!!! മാത്രവുമല്ല പിന്നെ അദ്ദേഹം ബാങ്കിൽ വന്ന് എന്തെങ്കിലും ഉപകാരം ചോദിച്ചാൽ വഴിവിട്ടൊന്നും ചെയ്യാനും കഴിയുകയില്ല. അതുകൊണ്ട് ഷൂസിൻ്റെ വില കൊടുത്തുകളയാം എന്ന് വിചാരിച്ചു കൗണ്ടറിൽ ചെന്നപ്പോൾ, അവിടെ നിൽക്കുന്ന സ്റ്റാഫ് പറഞ്ഞു.
ഇത് ഉടമസ്ഥൻ്റെ ഗിഫ്റ്റാണ്.സാരമില്ല.
വിലയെത്രയാ? അതിൻ്റെ മറുപടി കേട്ടപ്പോൾ രാധാകൃഷ്ണൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അന്നത്തെ തൻ്റെ രണ്ടു മാസത്തേ ശമ്പളത്തെക്കാൾ വിലയുണ്ട് ആ ഷൂസിന്. പിന്നീടൊരിക്കലും അത്തരം മണ്ടത്തരത്തിന് രാധാകൃഷ്ണൻ അവസരം ഉണ്ടാക്കിയിട്ടില്ല, എന്ന് മാത്രമല്ല അത്തരത്തിലുള്ള നൂറു കണക്കിനുള്ള സമ്മാനങ്ങൾ രാധാകൃഷ്ണനെ തേടി എത്തിയിട്ടുമുണ്ട്. അതെല്ലാം വാങ്ങി ഉപയോഗിച്ചിട്ടുമുണ്ട്.
ശ്രീ രാധാകൃഷ്ണൻ തൻ്റെ അനുഭവങ്ങളിലേക്ക് തന്നെ പോകുവാൻ വെമ്പൽ കൊണ്ടു. ഇത് ഒരു കാലത്തു "ഗൾഫ്" എന്ന സ്വപ്നം കണ്ട് നടന്നിരുന്ന ഓരോ ഇന്ത്യക്കാരൻ്റെയും ചരിത്രം ആയതുകൊണ്ട്, ഞാൻ ശ്രദ്ധയോടെ കേൾക്കാൻ തയ്യാറായിരുന്നു. ഇന്നും വിദേശങ്ങളിലേക്ക് ചേക്കേറുന്ന ഓരോരുത്തരുടേയും ജീവിതം തന്നല്ലേ? കണ്ടെത്താൻ, അനുഭവങ്ങൾ പാഠമാക്കാൻ ഒരുപാടുണ്ടാകുമല്ലോ. അത് കൊണ്ടാണ് "വെള്ളി നക്ഷത്ര"മെന്ന പംക്തി രാധാകൃഷ്ണനെ പറ്റി ഖണ്ഡശ്ശയായി എഴുതാൻ ശ്രമം നടത്തുന്നത്. അതിൻ്റെ പ്രസക്തി എത്രയെന്ന് പ്രിയപ്പെട്ട വായനക്കാർ വിലയിരുത്തട്ടെ.
കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൻ്റെ , അഹമ്മദ് അൽ ജാബർ ബ്രാഞ്ചിൽ തുടർന്ന് ജോലി ചെയ്യാൻ രാധാകൃഷ്ണൻ്റെ മനസ്സ് സമ്മതിച്ചില്ല. സ്വയം ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ മറ്റൊരു ബ്രാഞ്ചിലേക്ക്.!!! പുതുതായി തുറന്ന സാൽഹിയ കോംപ്ലെക്സിലെ(Salhiya Complex) ഒരു ബ്രാഞ്ച്. കൊമേർഷ്യൽ ബാങ്കോഫ് കുവൈറ്റിൻ്റെ "സാൽഹിയ" ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി സ്ഥലം മാറി ഇവിടെ "സാൽഹിയകോംപ്ലെക്സിനെ" പറ്റി പറയാതെ പോകുന്നത് ശരിയല്ല. ആധുനീക കുവൈറ്റിൻ്റെ മുഖ മുദ്രയാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ്.1980കളിലാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് ഔദ്യോഗികമായി പൊതുജനസമക്ഷം തുറന്നു കൊടുത്തത്. അഞ്ചുനിലയുള്ള ഈ നീണ്ട കോംപ്ലെക്സിൻ്റെ ഒരറ്റത്ത് "മെറിഡിയൻ എന്ന ഫൈവ്സ്റ്റാർ ഹോട്ടൽ". കോംപ്ലെക്സിൻ്റെ ഗ്രൗണ്ട് ഫ്ലോറും, മുകളിലത്തെ രണ്ട് മെസനൈൻ ഫ്ളോറുകളും, ഈ ലോകത്തിലെ ഏറ്റവും വില കൂടിയ എല്ലാത്തരം ബ്രാൻഡ് ഐറ്റംസിൻ്റെ ( Brand items) ഷോറൂമുകൾ. അതിനു മുകളിലുള്ള മിക്ക ഫ്ലോറുകളും കുവൈറ്റ് ഓയിൽ സെക്ടറിലെ സ്ട്രാറ്റജിക് ഡിവിഷനുകൾ വാടകക്കെടുത്തിരിക്കുന്നു. (K O C,. K G O C,.K O T C,.P I C,.K U F E C, K N P C)..ബാക്കിയുള്ള ഫ്ലോറുകൾ കുവൈറ്റ് സമൂഹത്തിലെ പ്രധാനപ്പെട്ട പല പ്രൈവറ്റ് കമ്പനി ഓഫീസികളും, ലോബ്യൂറോകളും, കയ്യടക്കിയിരിക്കുന്നു. വലിയ സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ ബിസിനസ്/ഷോപ്പിംഗ്കോംപ്ലക്സിൽ എത്തുന്ന അധികം ആളുകളും.കുവൈറ്റിലെ ഓയിൽ മിനിസ്റ്റർക്കു (Oil Minister) പോലും, തനതായ ഒരു ഓഫീസ് അഞ്ചാമത്തെ നിലയിൽ ഉണ്ടായിരുന്നു.
പഠിക്കുന്ന കാലത്തു ചരിത്രം ഒരു വിഷയം ആയിരുന്നില്ലങ്കിലും, ചരിത്രത്തോട് എന്നും രാധാകൃഷ്ണന് ഒരു അഭിനിവേശം തന്നെ ആയിരുന്നു. ഇന്റർനെറ്റും യൂട്യൂബും ഒന്നുമില്ലാത്ത അക്കാലത്ത് , പുസ്തകങ്ങളിൽ നിന്ന് കണ്ടെത്തിയ അറിവുകൾ മാത്രം കൈമുതലാക്കി, ചരിത്രം ഉറങ്ങുന്ന യവന, ഈജിപ്ഷൻ, മെസപ്പെട്ടോമിയൻ, സംസ്‌കാരങ്ങൾ. വിശാലമായിത്തന്നെ നടന്നു കണ്ടു. തുർക്കിയിലെ ഓട്ടോമൻ കാലഘട്ടത്തിൻ്റെ ബാക്കിപത്രം മുഴുവൻ കണ്ടു നടന്നു. ചെറുപ്പത്തിൽ അയല്പക്കത്തെ അമ്മച്ചിമാരും അമ്മമാരും പറഞ്ഞു കേട്ട ബൈബിൾ കഥകളിലൂടെ, ഇസ്രായേൽ, ജോർദാൻ, സിറിയ, ലബനോൻ, മനം കുളിരെ നടന്നു കണ്ടു. ആർഷ ഭാരത സംസ്ക്കാരത്തിൻ്റെ ഭാഗമായ ഇറാനും അക്കാലത്തു കാണാൻ മറന്നില്ല. പ്രകൃതി സൗന്ദര്യം ചാലിച്ചെടുത്ത ചില യൂറോപ്യൻ രാജ്യങ്ങളിലൂടെ കടന്നു പോയതും രാധാകൃഷ്ണൻ്റെ മനസ്സിലോടിയെത്തി. അന്ത്യ പ്രവാചകനായ നബി തിരുമേനി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹ സല്ലം സ്വർഗ്ഗത് പോയി മടങ്ങി വന്ന പലസ്തിനിലെ "അൽ ഖുദ്സ്" ദേവാലയത്തിൽ ഒരു മുസ്ലിം അല്ല എന്ന് അറിഞ്ഞിട്ടും, കയറി പ്രാർത്ഥിക്കാൻ അനുവാദം കിട്ടിയപ്പോൾ, അകത്തു കയറി നബി തിരുമേനിയുടെ പാദങ്ങൾ പതിഞ്ഞ പുണ്യസ്ഥലത്തു മുഖം മുത്തി നിസ്കരിച്ചപ്പോൾ രാധാകൃഷ്ണൻ്റെ കണ്ണ് നിറഞ്ഞൊഴുകി.അപ്പോൾ അദ്ദേഹത്തെഭരിച്ച വികാരം മതമായിരുന്നില്ല. സാഹോദര്യത്തിൻ്റെ പവിത്രത മാത്രമായിരുന്നു.
ജോർദാൻ നദിയുടെ തീരത്തു കുടി വണ്ടിയിൽ പോകുമ്പോൾ കൂടെയുണ്ടായിരുന്ന ഗൈഡ് പറയുന്നു. "ഈ വഴിയിലൂടെയാണ് പരിശുദ്ധ യോഹന്നാൻ തൻ്റെ പിന്നാലെ വരുന്ന ദൈവപുത്രൻ്റെ ചെരുപ്പിൻ്റെ വാർ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. എന്ന് പറഞ്ഞു നടന്ന് നീങ്ങിയത്". ഇത് കേട്ട രാധാകൃഷ്ണൻ വണ്ടിയിൽ നിന്നിറങ്ങി ആ പൂഴി മണ്ണിൽ കിടന്നുരുണ്ടു. ദൈവപുത്രൻ്റെ കാൽ പതിഞ്ഞ മണ്ണിൽ, ത്യാഗത്തിൻ്റെ യും സ്നേഹത്തിൻ്റെ യും ഓർമ്മകളാണ് രാധാകൃഷ്ണനെ ഭരിച്ച വികാരം.
മഹാനായ അലക്സാണ്ടർ ചക്രവർത്തി ചെറുപ്പം മുതലേ രാധാകൃഷ്ണൻ്റെ ഉള്ളിൽ കയറിക്കൂടിയ ചരിത്രപുരുഷനായിരുന്നു. അദ്ദേഹത്തിൻ്റെ ജന്മസ്ഥലവും, മാതാപിതാക്കൾ, ഫിലിപ്പ് രാജാവും, രാജകുമാരിയും, അന്തിയുറങ്ങുന്ന സ്ഥലവുമൊക്കെ കണ്ടുനടന്നപ്പോൾ, യുഗങ്ങൾക്ക് പിന്നിലേക്ക് പോയതുപോലെ തോന്നി. ചരിത്ര പുരുഷന്മാരായ സൊക്രട്ടീസ്, അരിസ്റ്റോട്ടിൽ, പ്ലാറ്റോ, തുടങ്ങിയരുടെ സമീപത്തിലൂടെ നടന്ന് നീങ്ങിയ അനുഭൂതി അവർണ്ണനീയം. പകൽ വെളിച്ചത്തിൽ തലയിൽ വിളക്കുമായി നടന്ന ഡയോജനസിനെ ഗ്രീസിലെ കോറിന്തിലൂടെ നടന്നപ്പോൾ രാധാകൃഷ്ണനോർമ്മിക്കാൻ ഒരുപാടുണ്ടായിരുന്നു. ഇന്നും പകൽ വെളിച്ചത്തിൽ അന്ധതയല്ലേ ബാക്കി നിൽക്കുന്നത്. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതാന്ത്യത്തിൽ അണിഞ്ഞിരുന്ന പടച്ചട്ട, അതു പോലെ പലതും ഈജിപ്തിലെ അലക്സാണ്ടറിയായിൽ ഉള്ള മ്യൂസിയത്തിൽ കാണാം. ഈജിപ്തിലെ കെയ്റോ മ്യൂസിയം ഒരനുഭവമായിരുന്നു. ഏഷ്യാ യൂറോപ്പ് ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന ബോസ്പ്പേർസ് അങ്ങനെ എന്തെല്ലാം.
ഈ യാത്രാവിവരങ്ങളെല്ലാം പ്രത്യേക എപ്പിസോഡുകളിൽ വരുമെന്നുള്ളതു കൊണ്ട് ഞങ്ങൾ ബാങ്കിൻ്റെ അനുഭവങ്ങളിലേക്ക് മടങ്ങി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കുവൈറ്റ് സന്ദർശനവും, തിരിച്ചു കുവൈറ്റ് അമീറിൻ്റെ ഇന്ത്യ സന്ദർശനവും കുളിരുള്ള ഓർമ്മകൾ. അകാലത്തിൽ പൊലിഞ്ഞുപോയ ഇന്ദിരാഗാന്ധിയുടെ ദുഃഖാചരണം പറയാൻ, കുവൈറ്റിലെ അന്നത്തെ ക്യാബിനറ്റ് മിനിസ്റ്ററുടെ കൂടെ അകമ്പടിയായി ഇന്ത്യൻ എംബസിയിൽ പോയത് ഇന്നും മായാതെ മറയാതെ രാധാകൃഷ്ണൻ്റെ മനസ്സിൽ. കൂടെക്കൂടെ സാമ്പത്തീക സഹായത്തിനായി എത്തുന്ന പാലസ്തീനിയൻ ലീഡർ യാസർ അറഫാത്തിൻ്റെ വരവും, കൂടാതെ ഏഷ്യ ആഫ്രിക്ക രാജ്യങ്ങളിലെ ഓരോ ഭരണാധികാരികളും വരുന്നതും മറ്റൊന്നിനുമല്ല.സാമ്പത്തിക സഹായം തന്നെ. എല്ലാവർക്കും വാരിക്കോരിക്കൊടുത്തു. ഒരവസരത്തിൽ പലരും മറന്നു. കുവൈറ്റിന് നേരെ നന്ദികേട് കാട്ടിയവർ ധാരാളം. രാധാകൃഷ്ണൻ മനസ്സ് തുറന്നു. ഡൽഹിയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസ് കളർ ടി. വി.യിൽ ഇന്ത്യയിൽ ആദ്യമായി കാണിച്ചതും കുവൈറ്റിൻ്റെ സഹായത്തിൽ. ഏതാണ്ട് ഒരു ദേശബ്ദത്തിലേറെ ആ ബ്രാഞ്ചിൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ പദവിയിൽ ഇരുന്നെങ്കിലും, തൻ്റെ ബാങ്കിങ്ങ് കരിയറിൽ(Banking career) കാര്യമായ ഒരു പുരോഗതിയും വന്നില്ല എന്ന് തുറന്നു പറയാൻ രാധാകൃഷ്ണൻ ഒരു മടിയും കാണിച്ചില്ല. അതിന് പല കാരണങ്ങൾ. പാലസ്തീനികളുടെയും, മറ്റു പല അറബ് വംശജരുടെയും, നിറ സാന്നിദ്ധ്യവും, അതിപ്രസരവും, ഇന്ത്യാക്കാർക്ക് അവസരങ്ങൾ കുറഞ്ഞു.!! ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഈ മൂന്നാം കിട രാജ്യങ്ങളിൽ നിന്നുള്ള വിദേശീയരെ, "മുൻ നിരയിൽ" അപ്പാടെ ഉൾക്കൊള്ളാൻ പൊതുവെ സ്വദേശി സമൂഹം തയ്യാറാകില്ല എന്നത് എപ്പോഴും ഒരു പരിമിതിയായി കാണേണ്ടതുണ്ട്. കാരണം, ഈപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സ്വദേശി വീടുകളിൽ വീട്ടു വേലക്കാരായും, ഡ്രൈവറന്മാരായും, ദിവാനിയകളിൽ ചായ വിളമ്പുന്നുന്നവരായും, കുട്ടികളെ നോക്കുന്നവരായും, ജോലി ചെയ്യുന്നത്. വളർന്നുവരുന്ന സ്വദേശി സമൂഹം ഇത് കണ്ടാണ് വളരുന്നത്. ഇവരെ നയിക്കാൻ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിയില്ല എന്നത് യാഥാർഥ്യം. അറബ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് അതുകൊണ്ട് തന്നെ കഴിവ് തെളിയിക്കാൻ വിഷമമുള്ള "മുൻനിര" മേഖലയാണ് ബാങ്കിലെ റീറ്റെയ്ൽ ഡിവിഷൻ.അവിടെയാണ് രാധാകൃഷ്ണൻ പിൽക്കാലത്ത് തൻ്റെ പ്രാഗൽഭ്യം തെളിയിച്ചത്. അതും ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഒരു ഇസ്ലാമിക ബാങ്കിൽ. എന്നാൽ ഇവരെ പിന്നിൽ നിന്ന് സഹായിക്കാൻ പറ്റുന്ന ചില മേഖലകൾ ഇത്തരക്കാർക്കുണ്ട്. അതായത് ഐ. ടി. മേഖല, അക്കൗണ്ട്സ്, ഓപ്പറേഷൻസ്, ഇതെല്ലാം പിൻനിര മേഖലകളാണ്. സാങ്കേതിക മികവ് തെളിയിക്കാൻ കഴിയാത്ത ഒരു മേഖലയാണ് ബാങ്കിലെ റീറ്റെയ്ൽ ഡിവിഷൻ (Retail Division). അറബി ഭാഷാ എഴുതാനും വായിക്കാനും, പറയാനും കഴിയാത്തത് മറ്റൊരു കാരണമാകാം.എന്നാൽ അതെ സമയം, തന്നെക്കാൾ വിദ്യാഭ്യാസം കുറഞ്ഞവരും തനിക്ക് മുൻപും, ശേഷവും, വന്നവർ സാങ്കേതിക മേഖലകളിൽ ഉയരങ്ങൾ കിഴടക്കുന്നത് നോക്കിക്കാണാനേ രാധാകൃഷ്ണന് കഴിഞ്ഞിരുന്നുള്ളൂ. പല ബ്രാഞ്ച് മാനേജർ സ്ഥലമാറിപ്പോകുമ്പോഴും, അവുധിക്ക് പോകുമ്പോഴും, ഉത്തിരവാദിത്വങ്ങൾ കുടുന്നതല്ലാതെ., ഗ്രേഡ് മൂന്നിന് (Grade SO3)അപ്പുറത്തേക്ക് കടക്കാൻ കഴിയാതെ ജീവിതം തള്ളി നീക്കി. അതേസമയം തൻ്റെ കുടെ എത്തിയവർ, നാലും അഞ്ചും ആറും ഏഴും ഗ്രേഡിലേക്ക് ഉയർന്നപ്പോൾ ഏതൊരു മനുഷ്യനും ഉണ്ടാകുന്നതുപോലെ രാധാകൃഷ്ണന് "അസൂയ ആയിരുന്നില്ല".മറിച്ചു "എനിക്കും ഉയരണം" എന്ന ചിന്താഗതിയിൽ മുന്നോട്ടു പോയി."മേടം ലഗ്നത്തിൽ" ജനിച്ച രാധാകൃഷ്ണന് "ശനി" മാരകമാണ്.ആ ശനി ദശയിൽ പത്തൊൻപതു വർഷക്കാലവും കഷ്ടപ്പെടാൻ തന്നെയാണ് വിധി.ഒരു ഇടത് പക്ഷ ചിന്താഗതിക്കാരൻ്റെ മനസ്സിൽ വന്ന മാറ്റമോർത്തു എനിക്ക് ചിരിക്കണമെന്ന് തോന്നിയെങ്കിലും, തുടർന്നുള്ള സംഭാഷണങ്ങൾ, അതിനവസരങ്ങൾ തന്നില്ല എന്ന് പറയുന്നതാവും ശരി.
ചില എ ഗ്രേഡ് ബ്രാഞ്ചുകളിൽ, ബ്രാഞ്ച് മാനേജരായും, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരും, താൽക്കാലികമായി ജോലി ചെയ്‌തെങ്കിലും അതൊന്നും രാധാകൃഷ്ണൻ്റെ കരിയറിന് വേണ്ട ഗുണമോന്നും ചെയ്തില്ല.!!അങ്ങനെയിരിക്കുമ്പോൾ, സാൽഹിയ ബ്രാഞ്ചിൽ തുടർച്ചയായി. രണ്ട് ബ്രാഞ്ച് മാനേജർസ് ഒന്നിന് പുറകെ ഒന്നായി (രണ്ടും കുവൈറ്റി സ്‌ത്രീകളയായിരുന്നു) സർവിസിൽ നിന്ന് പുറത്തായി.!!! അന്നത്തെ സിറ്റി റീജിയണൽ മാനേജരായിരുന്ന യൂസഫ് മുഹമ്മദ് ഹൽ ബൂണിയും, റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ആയിരുന്ന മഹമൂദ് ബർഹൂമും ചേർന്ന് (രണ്ട് പേരും ജോർദാനിയൻ വംശജർ) 1990 ജൂലൈ ഒന്നാം തീയതി, രാധാകൃഷ്ണന് ആക്റ്റിംഗ് ബ്രാഞ്ച് മാനേജർ പട്ടവും, ഒരു ഗ്രേഡ് കുട്ടി മൂന്നിൽ നിന്ന് നാലാക്കി (From S03 to S04) ഔദ്യോഗികമായി തന്നെ സർക്കുലർ കൊടുത്തു. ദൗർഭാഗ്യവശാൽ ആ സർക്കുലറിന് ഒരു മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുളളൂ.!!! ആഗസ്റ്റ് രണ്ടിന്, മറ്റു പലരുടേയും എന്ന പോലെ, രാധാകൃഷ്ണൻ്റെ സ്വപ്നങ്ങളെ ചവുട്ടി അരച്ച് കൊണ്ട്, ഇറാഖിൻ്റെ പാറ്റൺ ടാങ്കുകൾ കുവൈറ്റിൻ്റെ നെഞ്ചിലൂടെ കയറി ഇറങ്ങി. മാരകമായ ശനിദശയിലെ കേതു അപഹാരം.എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞില്ലേ? ഗൾഫ് യുദ്ധത്തിൻ്റെ നേർക്കാഴ്ചകൾ. അനുഭവങ്ങൾ. പാളിച്ചകൾ.. ആ ഭീതിയാർന്ന അനുഭവ കഥകൾ, ഞാനും അമ്പരപ്പോടെ കേട്ടിരുന്നു.
(തുടരും…)

