ഭാഗം-9
ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചു കിഴടക്കുക.ഇതൊക്കെ നമ്മൾ ചരിത്ര പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടാകാം. രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നത് ടെലിവിഷനിലൂടെ അല്ലങ്കിൽ യൂട്യൂബിലൂടെ കണ്ടിട്ടുണ്ടാകാം. ശ്രീ രാധാകൃഷ്ണൻ സാർ താൻ നേരിൽ കണ്ട അനുഭവങ്ങൾ പറയുമ്പോൾ വിശ്വസിക്കാൻ കഴിയാതെ കേട്ടിരിക്കാനെ എനിക്കു കഴിഞ്ഞുള്ളു. ഒരു പാമ്പ് തവളയെ വിഴുങ്ങുന്ന ലാഘവത്തോടെ, ഇറാഖിലെ സദ്ദാം ഹുസ്സൈൻ്റെ സൈന്യങ്ങൾ കുവൈറ്റിൻ്റെ വിരിമാറിലൂടെ മുന്നോട്ടു കുതിച്ച് കുവൈറ്റിനെ കീഴടക്കുന്നത് അദ്ദേഹം നേരിൽ കണ്ടതാണ്. 1990.അന്ന് ഓഗസ്റ്റ് രണ്ട് ഒരു വ്യാഴാഴ്ച പതിവുപോലെ ഓഫീസിലേക്ക്പോകുവാൻ, അടുത്തിടെ കിട്ടിയ പ്രൊമോഷൻ്റെ ഹുങ്കും തലയിലേറ്റി, പുതുതായി വാങ്ങിയ വണ്ടിയിൽ യാത്രയായി. സിറ്റി ഭാഗത്തുള്ള ബ്രാഞ്ചിനോട് അടുക്കുന്തോറും, അസ്വസ്ഥതകൾ കണ്ടു തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി ഡോർ അടക്കാൻ പോലും നിൽക്കാതെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. അൽപ്പം അകലെ ഷെറാട്ടൺ ഇന്റർനാഷണൽ ഹോട്ടലിൻ്റെ മുൻവശം മുഴുവൻ പട്ടാളം നിറഞ്ഞു നിൽക്കുന്നു. വെടിയും പൊടിപടലങ്ങളും. അവിടെയും ഇവിടെയും ശബ്ദകോലാഹലങ്ങൾ. ഒരു തരത്തിൽ രാധാകൃഷ്ണൻ സാർ വണ്ടി തിരിച്ചുവിട്ടു വേറൊരു റോഡിലെത്തി, വീട്ടിലേക്കു മടങ്ങി..തിരിച്ചു വീട്ടിലെത്തിയിട്ടും പാവം രാധാകൃഷ്ണൻ സാറിനറിയുന്നില്ല ഇറാഖിൻ്റെ ആധിപത്യം.!!! അന്ന് മൊബൈൽ ഫോണുകളൊന്നുമുള്ള കാലമല്ല. അവസാനം അന്നത്തെ സിറ്റി റീജിയണൽ മാനേജർ വിളിച്ചു പറയുമ്പോഴാണ് രാധാകൃഷ്ണൻസാർ യാഥാർഥ്യം അറിയുന്നത്.
കുവൈറ്റിലെ മൈതാൻ ഹവല്ലി (MAIDHAN HAWALLI)എന്ന സ്ഥലത്തു രാജപ്രമുഖൻ്റെ ( CROWN PRINCE HIS HIGHNESS SHEIKH SA'AD) പാലസിനെതിരെയുള്ള കടലിനും അൽപ്പം അകലെ ഒരു ഫ്ലാറ്റിലാണ് അന്ന് രാധാകൃഷ്ണൻസാർ താമസിച്ചിരുന്നത്. ഉച്ച ആയപ്പോൾ, പാറ്റൺ ടാങ്കുകളുടെ ഇരമ്പലും, മെഷീൻകണ്ണുകളുടെ ഒച്ചയും, ബോംബ് സ്ഫോടനങ്ങളുടെ ഭീകര ശബ്ദവും കേട്ട്, ജനൽ വാതലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കണ്ട ദൃശ്യം ഇന്നും നടുക്കത്തോടെ രാധാകൃഷ്ണൻസാർ ഓർക്കുന്നു. രാജ പ്രമുഖനായിരുന്ന ഹിസ്സ്ഹൈനെസ്സ് ഷെയ്ഖ് സാദിൻ്റെ കൊട്ടാരം ബോംബുവച്ചു തകർക്കുന്ന കാഴ്ച. പലരും പ്രസംഗത്തിലൊക്കെ പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ.? തോക്കിൻകുഴലിൻ്റെ മുമ്പിലൂടെ നടന്നിട്ടുണ്ട് എന്നൊക്കെ.!!! എന്നാൽ രാധാകൃഷ്ണൻ സർ തോക്കിൻ്റെ മുമ്പിലിരുന്ന് ബാങ്കിൽ ജോലി ചെയ്തിട്ടുണ്ട്. ഇറാഖി പട്ടാളത്തിൻ്റെ കിഴിൽ ഒരിക്കലും ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ചില സ്വദേശികളായ കുവൈറ്റികളെ സഹായിക്കാൻ വേണ്ടി മാത്രം. ആ സമയങ്ങളിൽ ധാരാളം കുവൈറ്റി സഹോദരി സഹോദരന്മാർ വീടിനു വെളിയിലിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പലർക്കും ആഹാരസാധനങ്ങൾ വാങ്ങണം. പണം വേണം. പലരും സ്നേഹത്തോടെ നിർബന്ധിച്ചു."നീ ബാങ്കിൽപ്പോയി ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് കാശെടുത്തു വീട്ടിൽ എത്തിക്കു". സഹായിക്കാതെ നിവർത്തിയില്ലായിരുന്നു.അതെല്ലാം വിശദമായി വേറെ എപ്പിസോഡുകളിൽ വരുന്നത് കൊണ്ട് ഇവിടെ കൂടുതൽ പ്രതിപാദിക്കുന്നില്ല.
ചില വ്യക്തിപരമായ കാരണങ്ങൾ രാധാകൃഷ്ണസാറിൻ്റെ യുദ്ധഭൂമിയിൽ നിന്നുള്ള മടങ്ങി വരവ് നീണ്ടു പോയി.അവസാന ഗ്രുപ്പുകളിൽ ഏതോ ഒരു ബാച്ചിൽ, കുവൈറ്റിൽ നിന്ന് പല യാതനകളും സഹിച്ചു, ഒരു അഭയാർത്ഥിയുടെ നിലയിൽ, ഇറാഖിലെയും, ജോർദാനിലെയും പല ക്യാമ്പുകളിൽ കിടന്നു. ഇടയിൽ മലാരണ്യത്തിലെ തണുപ്പേറ്റ് മരിച്ച അഭയാർത്ഥികളും ഒക്കെ വേദനയോടെ രാധാകൃഷ്ണൻ സാറിൻ്റെ ഓർമ്മകളിലുണ്ട്.. ഏതാണ്ട് ഒരു മാസത്തിനുള്ളിൽ ജോർദാനിലെ അമ്മാൻ എയർപോർട്ടിൽ നിന്ന് ബോംബെയിലേക്ക്,യാത്രയായി. അവിടെ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തി. നാട്ടിൽ സ്വന്തമായൊരു വീടില്ലാത്ത രാധാകൃഷ്ണൻസാർ തിരുവനന്തപുരത്തു ഒരു രാഷ്ട്രീയ നേതാവായ ശ്രീ പാലക്കോട് രവിയുടെ കൊച്ചാർ റോഡിലുള്ള വാടക വീട്ടിൽ അജ്ഞാതവാസത്തിൻ്റെ തിരി കൊളുത്തി. കുറെ മാസങ്ങൾ മാത്രമേ ആ ജീവിതം തുടരേണ്ടി വന്നുള്ളൂ എങ്കിലും, മറക്കാനാവാത്ത ഒരുപാടു ഓർമ്മകൾ ഇന്നും മായാതെ മറയാതെ മനസ്സിൽ ബാക്കി നിൽക്കുന്നു. ഏതാണ്ട് അറുനൂറിലധികം(Above 600) മെമ്മോറാണ്ടങ്ങൾ/എഴുത്തുകൾ, ലോകത്തിൻ്റെ നാനഭാഗത്തുള്ള ലോക നേതാക്കന്മാർക്ക്, കുവൈറ്റിന് വേണ്ടി ഈ അജ്ഞാതവാസ സമയത്ത് എഴുതുവാൻ കഴിഞ്ഞു എന്നുള്ളത് കൃതാർത്ഥയോടെ അദ്ദേഹം ഓർത്തു പോകുന്നു. അങ്ങനെ എഴുതിയ എഴുത്തിൽ ഒരെണ്ണം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് സീനിയറിന്.അതിൻ്റെ ഒരു കോപ്പി ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി മാർഗരറ്റ് താച്ചറിനും അയച്ചിരുന്നു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയുടെ ടെൻ ഡൗണിംഗ് സ്ട്രീറ്റിലെ(10 Dawning Street) ഓഫീസിൽ നിന്നൊരു മറുപടി കിട്ടിയപ്പോൾ സന്തോഷം തോന്നി. താങ്കൾ അമേരിക്കൻ പ്രസിഡന്റിനയിച്ച ലെറ്റെറിൻ്റെ കോപ്പി കിട്ടിയതും അത് വായിച്ചതും പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അറിയിക്കാൻ പറഞ്ഞിരിക്കുന്നു.സന്തോഷം തോന്നി. അതുപോലെതന്നെ അന്നത്തെ ഇന്ത്യയിലെ കുവൈറ്റ് അംബാസ്സഡറായിരുന്ന അലി സക്കറിയ അൽ അൻസാരിയുടെ ഒരു മറുപടിയും രാധാകൃഷ്ണൻ്റെ ഊഷ്മള ഓർമ്മകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സർവോപരി, സൗദിയിലെ തായെഫിൽ ഉണ്ടായിരുന്ന, കുവൈറ്റ് ക്യാമ്പിൽ നിന്ന് അന്നത്തെ രാജാവിൻ്റെ ദിവാനിൽ നിന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്ന സംഘടനയായ "ക്രിയ"ക്ക് വന്ന ഒരു ഔദ്യോഗിക ലെറ്റർ വളരെയധികം പ്രചോദനമായി എന്ന് രാധാകൃഷ്ണൻസാർ തുറന്ന് പറഞ്ഞു.
തിരുവനന്തപുരത്തെ അജ്ഞാതവാസ കാലഘട്ടത്തിൽ, അടുത്തറിഞ്ഞ, കണ്ടുമുട്ടിയ പലരും ഇന്നും ഓർമ്മകളിൽ തങ്ങി നില്ക്കുന്നു. ബഹുമാന്യനായ ശ്രീ എ.കെ.ആന്റണിയും കുടുംബവും, പാലോട് രവിയും കുടുംബവും, തമ്പാനൂർ രവിയും കുടുംബവും, തലേക്കുന്നിൽ ബഷിറും കുടുംബവും,പി.വിജയകുമാർ, എം.വിജയകുമാർ, കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള ചേട്ടൻ, ജി.കാർത്തികേയൻ, വയലാർ രവി, കൃഷ്ണകുമാർ, ബാലചന്ദ്രമേനോനും കുടുംബവും,ജോണി, ജഗദിഷ്, മണിയൻ പിള്ള രാജു,തിക്കുറിശ്ശി സാർ, എല്ലാറ്റിനുപരി യുഗപ്രഭാവനായ ഇ എം എസ്സ് ന് വീട്ടിൽ പോയി കാണാനവസരം ,സഖാവ് നായനാർ, ടി.കെ.രാമകൃഷ്ണൻ, പ്രേംനസീറിൻ്റെ കുടുംബം, കൊടിയേറ്റം ഗോപി,വാരഫലം കൃഷ്ണൻ നായർ സർ,..ഓർമ്മകളുടെ ഒരു കൂമ്പാരം മനസ്സിലുണ്ട്.
കുവൈറ്റ്, ഇറാഖിൻ്റെ പിടിയിൽ നിന്ന് പുറത്തു വന്നെങ്കിലും, രാധാകൃഷ്ണൻ ജോലി ചെയ്തിരുന്ന ബാങ്ക് അദ്ദേഹത്തെ തിരികെ കൊണ്ടുപോയില്ല.!!! കാരണങ്ങൾ പലതുമുണ്ടങ്കിലും പ്രധാനമായും ബാങ്കിൻ്റെ ബ്രാഞ്ചുകൾ തുറക്കാൻ വൈകിയത് ഒരു കാരണമാകാം. പക്ഷേ രാധാകൃഷ്ണൻ പറയുന്നത് മറ്റൊരു കാരണമാണ് .വ്യക്തി വൈരാഗ്യം, അതേക്കുറിച്ചെല്ലാം വരുന്ന എപ്പിസോഡുകളിൽ വിശദമായി പറയാനുണ്ട് .എന്തായാലും താൻ സേവനം കൊടുത്ത കുവൈറ്റി കസ്റ്റമേഴ്‌സൊന്നും (Kuwaiti customers) രാധാകൃഷ്ണനെ മറന്നില്ല.അവരുടെ ശക്തമായ ഇടപെടലിലൂടെ എല്ലാ എതിരാളികളുടെയും എതിർപ്പുകളെയും മറി കടന്ന് രാധാകൃഷ്ണൻ അതെ പദവിയിൽ അതെ ബ്രാഞ്ചിൽ തിരിച്ചെത്തി.എന്നാൽ അത് കാരണം, പിന്നീട് വന്ന നാലു വർഷങ്ങൾ രാധാകൃഷ്ണന് തിക്തമായ അനുഭവങ്ങൾ ബാങ്ക് മാനേജ്മെന്റിൽ നിന്നുണ്ടായി. മേടം ലഗ്നക്കാരനായ രാധാകൃഷ്ണൻ സാറിൻ്റെ ശനിദശയുടെ അവസാനം.!!! അനുഭവിച്ചല്ലേ മതിയാകു. തുടർന്ന് വന്ന ലഗ്നത്തിൽ നിൽക്കുന്ന ബുധൻ ചെയ്ത ഗുണങ്ങൾ. ഒരു പക്ഷേ മറ്റാർക്കും കുവൈറ്റിൽ ഇന്ന് വരെ അവകാശപ്പെടാനുണ്ടാകില്ല. രാധാകൃഷ്ണൻ സാർ തുറന്നുപറയുന്നു. യുക്തിക്കു നിരക്കാത്ത ഒന്നും മനസ്സുകൊണ്ട് അംഗീകരിക്കാത്ത ഒന്നും ഒരിക്കലും ചെയ്തിട്ടില്ല. ,ഒരു ഇടതുപക്ഷക്കാരൻ്റെ കാഴ്ചപ്പാടാണത്. ഇത്തരം അറിയപ്പെടാത്ത ഒരുപാട് ചരിത്രസംഭവങ്ങളുടെ കലവറയാണ് അദ്ദേഹത്തിൻ്റെ ഹൃദയം.
(തുടരും…)

