വെള്ളിനക്ഷത്രം (ഭാഗം - 10)
രാധാകൃഷ്ണൻ നായർ തൻ്റെ ജീവിത യഥാർഥ്യങ്ങളിൽ നിന്ന് കണ്ടെത്തിയ മൂല്യങ്ങളും, മൂല്യച്യുതികളും നേട്ടങ്ങളും, കോട്ടങ്ങളും, തിക്താനുഭവങ്ങളും, ഇടയ്ക്കിടെ വീണു കിട്ടിയ സുഖാനുഭവങ്ങളും, എനിക്ക് പകർന്നു തന്നത് കഴിഞ്ഞ ഒൻപത് ഭാഗങ്ങളിലായി ഞാനവിടെ പറഞ്ഞു കഴിഞ്ഞു വേറിട്ട ജീവിതാനുഭവങ്ങൾ വായനക്കാരിൽ പലർക്കും ഇഷ്ടപ്പെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണൻനായർ ബാക്കിയുള്ളതെല്ലാം സംഗ്രഹിച്ചു പറയാനുള്ള തത്രപ്പാടിലായിരുന്നു. ഞാനതു കേൾക്കാനുളള ശ്രമത്തിലും
യുദ്ധാനന്തര കുവൈറ്റിൽ കടന്നു പോയ ആദ്യത്തെ നാലു വർഷങ്ങൾ ശരിക്കും സമ്മർദ്ദം നിറഞ്ഞതായിരുന്നു. കോമാളിയാക്കാൻ ശ്രമിച്ചവരും, അതിലൂടെ ആനന്ദം കണ്ടെത്തിയവരും മലയാളി സുഹൃത്തുക്കൾ തന്നെ. മേടം ലഗ്നക്കാരൻ്റെ മാരകമായ ശനി ദശയുടെ അന്ത്യം അതിനു കാരണമായി എന്ന് രാധാകൃഷ്ണൻനായർ വിശ്വസിക്കുന്നു, അതു തുറന്നു പറയുകയും ചെയ്തു. ഒപ്പം ഇതിനൊക്കെ പരിഹാരം പറയുന്ന ജ്യോതിഷികൾ കള്ളന്മാരാണെന്നു പറയാനും മടി കാണിച്ചില്ല. ജന്മഫലം അനുഭവിക്കാതെ കടന്നുപോകാൻ പ്രകൃതി സമ്മതിക്കാറില്ല. അതിനു പൂജകളും വഴിപാടുകളുമൊക്കെ കഴിച്ചാൽ മനസ്സിനൊരു സമാധാനം കിട്ടും. എന്നാലും "അനുഭവം" ബാക്കി! തുടർന്ന് വന്ന ലഗ്നത്തിൽനിൽക്കുന്ന ബുധൻ്റെ ദിശയിലുണ്ടായിരുന്ന പതിനാറു വർഷങ്ങൾ. ഉയർച്ചയിലേക്കുള്ള പടവുകളുടെ ചവിട്ടുപടികളായിരുന്നു.
ഒരുപാട് മുഖങ്ങൾ, താങ്ങും തണലുമായി നിന്ന ഒരുപാടു മുഖങ്ങൾ. മരിച്ചാലും മറക്കാത്ത സഹായികൾ, എല്ലാം പുറകാലെ തുടർച്ചയായി പറയാമെന്ന് രാധാകൃഷ്ണൻനായർ സമ്മതിച്ചു. കൊമേർഷ്യൽ ബാങ്കിൽ ഗ്രേഡ് മുന്നിൽ നിന്ന് നാലിലേക്കു ഉയരാൻ ദശാബ്ദങ്ങൾ വഴിമാറി നിൽക്കേണ്ടി വന്നു എങ്കിൽ. ഗ്രേഡ് നാലിൽ നിന്ന് എട്ടിലേക്കുയരാൻ വെറും നാലു വർഷങ്ങൾ. ഓരോ വർഷവും ഓരോ ഗ്രേഡുകൾ. ഒരു വിദേശിക്ക് പോയിട്ട് സ്വാദേശിക്കുപോലും ലഭിച്ചിട്ടില്ലാത്ത ചരിത്ര നേട്ടങ്ങളായിരുന്നു അത്. മാത്രമല്ല, ബാങ്കിൻ്റെ മൊത്തം ട്രെയിനിങ് സെന്റർ രാധാകൃഷ്ണൻ്റെ കീഴിലായി. മാർക്കറ്റിംഗ് മേഖലയിൽ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ ഉണ്ടാക്കി. അംഗീകാരങ്ങൾ! പുരസ്‌ക്കാരങ്ങൾ! ഒരു വർഷത്തെ നീണ്ട അവധി. കുവൈറ്റ് ബാങ്കിൻ്റെ ചരിത്രത്തിൽ ഒരു വിദേശിക്ക് ചിന്തിക്കാൻ കഴിയാത്ത അനുഭവം.
ന്യൂസിഅലാൻഡ്ലേക്ക് ചേക്കേറണമെങ്കിൽ ആദ്യത്തെ ഒരു വര്ഷം അവിടെ താമസിക്കണമെന്ന അവസ്ഥ വന്നപ്പോൾ.ബാങ്കിൽ നിന്ന് വിരമിക്കാൻ രാധാകൃഷ്ണൻ തയ്യാറായി. എന്നാൽ ബാങ്ക് വിരമിക്കാൻ സമ്മതിച്ചില്ല. എന്ന് മാത്രമല്ല ഒരു വർഷത്തെ നീണ്ട അവുധി കൊടുക്കാൻ തയ്യാറാകുകയും ചെയ്തു . ഇന്നുവരെയുള്ള കുവൈറ്റിലെ ബാങ്ക് ചരിത്രത്തിൽ ഒരു വിദേശിക്കും കിട്ടിയിട്ടില്ലാത്ത ഒരംഗീകാരമായിരുന്നു അത്. ഒരായിരം പേരോട് കടപ്പെട്ടിരിക്കുന്നു, രാധാകൃഷ്ണൻ സാർപറഞ്ഞു. ന്യൂസിലാൻഡിൽ നിന്ന് മടങ്ങിയെത്തിയ രാധാകൃഷ്ണൻ സാറിനെ കാത്തിരുന്നത് ഗ്രേഡ് എട്ടിൽ നിന്ന് ഒൻപതിലേക്കുള്ള ഉയർച്ചയായിരുന്നു. കുവൈറ്റിലുള്ള ആറു സംസ്ഥാനങ്ങളിൽ ഒന്നായ ആറാമത്തെ ഗവർണറേറ്റിൻ്റെ സീനിയർ റീജിയണൽ മാനേജർ പദവി. ഒരു ഇന്ത്യക്കാരന് ഒരിക്കലും പ്രതീക്ഷിക്കാൻ വകയില്ലാത്ത പദവി.സാങ്കേതിക മേഖലകളിൽ പ്രതിഭ തെളിയിച്ചവർ ആയിരക്കണക്കിനുണ്ടാകാം. ഐ. ടി. മേഖലയിൽ, അക്കൗണ്ട്സിൽ, ഓപ്പറേഷനൽ, മേഖലയിലൊക്കെ ഇന്ത്യാക്കാരുൾപ്പടെ ധാരാളം വിദേശികൾ. എന്നാൽ മുൻനിരയിൽ ഒരാൾക്കും ചിന്തിക്കാവുന്ന ഒരു പദവിയല്ല റീജിയണൽ മാനേജർ പദവി. അവിടെ കഴിവ് തെളിയിക്കണമെങ്കിൽ സാങ്കേതികപരിജ്ഞാനം മാത്രം പോരാ, നേതൃത്വ പാടവവും സമൂഹത്തിൻ്റെ മുൻപിൽ തിളങ്ങാനുള്ള കഴിവും വേറെ വേണം. ഏറ്റവും നല്ല റീജിയണൽ മാനേജർക്കുള്ള അംഗീകാരം കൈവരുകയും, തുടർന്ന് ബാങ്കിൻ്റെ റീറ്റെയ്ൽ സെയ്‌ൽസിൻ്റെ മുഴുവൻ ചുമതലയുള്ള സീനിയർ എക്സിക്യൂട്ടീവ് മാനേജർ ഗ്രേഡ് പത്തിലേക്കുള്ള പദവി കൈ വെള്ളയിൽ വച്ച് നീട്ടിയപ്പോൾ രാധാകൃഷ്ണൻസാർ ജോലി രാജി വച്ച് ഇസ്ലാമിക ബാങ്കായ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിലേക്ക് ചേക്കേറി. വ്യക്തി ബന്ധങ്ങൾ, കടപ്പാടുകൾ, ഇതിനെ മറക്കാൻ ഒരിക്കലും രാധാകൃഷ്ണൻസാർ തയാറായിരുന്നില്ല എന്നതാണ് ഇസ്ലാമിക ബാങ്കിലേക്ക് ചേക്കേറാൻ കാരണം. തന്നെ താനാക്കിയ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദിൻ്റെ അഭ്യർത്ഥനയെ നിരസിക്കാൻ അടുത്ത ജന്മമുണ്ടങ്കിൽ അവിടെപ്പോലും രാധാകൃഷ്ണൻസാർ തയ്യാറല്ല. തുടക്കത്തിൽ അദ്ദേഹത്തിൻ്റെ ക്ഷണം സ്വീകരിച്ചു, സെയിൽസിൻ്റെ ചുമതലയുള്ള ഒരു എക്സിക്യൂട്ടീവ് മാനേജരായി ഇസ്ലാമിക ബാങ്കിൽ പ്രവേശിച്ച രാധാകൃഷ്ണൻ, മുന്ന് മാസത്തെ പരിശീലന സമയം കടന്നപ്പോൾ, അസിസ്റ്റന്റ് ജനറൽ മാനേജരായി ചാർജെടുത്തു. തുടർന്ന് റീറ്റെയ്ൽ ഡിവിഷൻ്റെ യും,വെർച്ച്വൽ ബാങ്കിൻ്റെയും, പ്രൈവറ്റ് ബാങ്കിൻ്റെയും, കാൾ സെന്ററിൻ്റെ യും, മുഴുവൻ ചുമതലയും, ഉള്ള ജനറൽ മാനേജരായി അവരോധിക്കപ്പെട്ടു. ഏതാണ്ട് 62.24 ശതമാനം ജീവനക്കാരും രാധാകൃഷ്ണനായിരുന്നു റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. തുടർന്ന് മാർക്കറ്റിംഗിൻ്റെയും, പബ്ലിക്റിലേഷൻ്റെയും, ചുമതലകൂടി ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ രാധാകൃഷ്ണൻ ഒന്ന് പതറി. ഒരു ലോകോത്തര ഇസ്ലാമിക ബാങ്കിൻ്റെ തലപ്പത്തൊരു കാഫിറോ? ശരിക്കും രാധാകൃഷ്ണൻ വിയർത്തു വിറങ്ങലിച്ചു. കുവൈറ്റിലെ "ശെരിയാ കമ്മിറ്റിയും", ചീഫ് എക്സിക്യൂട്ടീവ് മാനേജരായ സ്വദേശിയായ "ലോയി മുഖ്‌അമിസും" ഇതിനെ അനുകൂലിച്ചില്ലങ്കിലും.!!! ചെയർമാനായ ഷെയ്ഖ് മുഹമ്മദ് പച്ചകൊടി നാട്ടി. രാധാകൃഷ്ണന് വേണ്ട ധൈരം കൊടുത്തു. ഏറ്റെടുത്ത അഞ്ചു വർഷം കഴിഞ്ഞപ്പോൾ ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക ബാങ്കിനുള്ള അവാർഡ് ബാങ്കിന് ആദ്യമായി ലഭിച്ചു. അംഗീകാരങ്ങളും, അനുമോദനങ്ങളും എറ്റു വാങ്ങിക്കൊണ്ട് വ്യക്തിപരമായ കാരണങ്ങളാൽ ബാങ്കിൻ്റെ പടിയിറങ്ങിയപ്പോൾ. രാധാകൃഷ്ണൻ പിറകോട്ടു ഒന്ന് നോക്കി!തന്നെ താനാക്കിയ എത്രയെത്ര പ്രതിഭകൾ, മഹാരഥന്മാർ. രാധാകൃഷ്ണൻ സാർ പറയുന്നു."ഒരു മനുഷ്യ ജീവിതം കടന്നു പോകുമ്പോൾ ആരോടൊക്കെ നമുക്ക് കടപ്പാടുകളുണ്ടന്ന് നാം ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ"
കുവൈറ്റി സമൂഹത്തിന് വേണ്ടി ചെയ്ത സേവനങ്ങൾ കണക്കിലെടുത്ത്, ആധുനിക കുവൈറ്റിൻ്റെ പിതാവെന്നറിയപ്പെടുന്ന ഹിസ്സ് ഹൈനെസ്സ് ദി അമീർ ഷെയ്ഖ് അബ്ദുല്ലാഹ് അൽ സലാം അൽ സബാഹിൻ്റെ പുത്രനും, അഹമ്മദി ഗവര്ണറുമായിരുന്ന ഹിസ്സ് എക്സല്ലൻസി ഷെയ്ഖ് അലി അബ്ദുല്ലാഹ് അൽ സാലം അൽ സബാഹിൻ്റെ കയ്യിൽ നിന്ന് സർക്കാർ തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ. "എനിക്കിതൊരു ഭാരതരത്‌നമാണ്". കാരണം ഇത് ഒരു ഇൻഡ്യാക്കാരന് വിദേശത്തു കിട്ടിയ അംഗീകാരമാണ്. അതിനു തിളക്കമേറും.,രാധാകൃഷ്ൺൻ സാർ വികാരാധിനനായി.
ഇപ്പോൾ ന്യൂസിഅലാൻഡ്ൽ കുടുംബവുമൊത്തു വിശ്രമജീവിതം നയിക്കുന്ന രാധാകൃഷ്ണൻസാർ പഴയ ഓർമ്മകൾ ചികഞ്ഞെടുത്ത് പങ്കു വയ്ക്കുമ്പോൾ, വെള്ളിനക്ഷത്രത്തിൻ്റെ പത്ത് ഭാഗങ്ങളിൽ അവസാനിപ്പിക്കാൻ കഴിയുന്നതല്ല അനുഭവങ്ങൾ. അത്രയ്ക്കും ഉണ്ട് പറയാൻ. ഇനി ഒരിക്കൽ അത് തുറന്നെഴുതാം.അതുവരെ വിട. സഹകരിച്ച എല്ലാവർക്കും നന്ദി, സ്നേഹം. മറ്റൊരു വെള്ളിനക്ഷത്രവുമായി വീണ്ടും കാണാം.

